തൊഴിലുറപ്പ് പദ്ധതി വേതന കുടിശ്ശിക; കേന്ദ്രം 1061 കോടി അനുവദിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതന കുടിശ്ശിക ഉള്‍പ്പെടെ ശേഷിക്കുന്ന സാമ്പത്തികവര്‍ഷത്തെ ചെലവിനായി കേന്ദ്രസര്‍ക്കാര്‍ 1061 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ സി ജോസഫ് അറിയിച്ചു.
വേതനം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന നാഷനല്‍ ഇഎഫ്എംഎസ് സമ്പ്രദായം ജനുവരി ഒന്നിന് നിലവില്‍ വന്നു. ഇന്ത്യയില്‍ ആകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ സമ്പ്രദായം കേരളത്തില്‍ ആദ്യമായി നടപ്പാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
നാളിതുവരെ തൊഴിലാളികള്‍ക്കു നല്‍കേണ്ട വേതനം സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും തുടര്‍ന്ന് സംസ്ഥാന തലത്തിലുള്ള നോഡല്‍ ബാങ്കില്‍നിന്ന് എല്ലാ തൊഴിലാളികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് തുക നല്‍കുകയും ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇത് കാലതാമസത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍, പുതിയ സമ്പ്രദായത്തില്‍ ഓരോ ദിവസവും നല്‍കേണ്ട വേതന തുക കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ദേശീയതലത്തില്‍ നോഡല്‍ ബാങ്കായി തിരഞ്ഞെടുത്തിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് കൈമാറി 48 മണിക്കൂറുകള്‍ക്കകം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ വേതന വിതരണം നടത്തും. പുതിയ സമ്പ്രദായത്തില്‍ വിവിധ തട്ടുകള്‍ ഒഴിവാക്കുന്നതു മൂലം വേതന വിതരണം ദ്രുതഗതിയിലാക്കുവാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.
2016ലെ പ്രവാസി ഭാരതീയ ദിവസ് വേണ്ടെന്നുവയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 1915ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങിയെത്തിയതിന്റെ സ്മരണയെ മുന്‍ നിര്‍ത്തി 2003 മുതല്‍ എല്ലാ വര്‍ഷവും പ്രവാസി ഭാരതീയ ദിന പരിപാടി നടത്തിവരുകയായിരുന്നു. ഈ സമ്മേളനം ബിജെപി ഭരണത്തിലെത്തിയപ്പോള്‍ രണ്ടു വര്‍ഷത്തിലൊരിക്കലായി വെട്ടിച്ചുരുക്കുകയും ഇപ്പോള്‍ അതു പൂര്‍ണമായും വേണ്ടെന്നു വയ്ക്കുകയും ചെയ്തത് പ്രവാസി ഇന്ത്യക്കാരോടു മാത്രമല്ല, ഗാന്ധിജിയോടുമുള്ള അവഹേളനമാണ്.
ബിജെപി അധികാരത്തില്‍ വന്നതോടെ പ്രവാസി വകുപ്പിന് ഒരു പൂര്‍ണ ചുമതലയുള്ള മന്ത്രി പോലും ഇല്ലാത്ത അവസ്ഥയാണ്. ഏറെ തിരക്കുകളുള്ള വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനാണ് പ്രവാസി വകുപ്പിന്റെ ചുമതല. ഡല്‍ഹിയിലെ പ്രവാസികാര്യ വകുപ്പിന്റെ ഓഫിസില്‍ ഒരു കേന്ദ്രമന്ത്രി ഇന്നുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസി സമൂഹത്തെ അവഗണിക്കുന്ന കേന്ദ്രത്തിന്റെ സമീപനം തിരുത്തണമെന്നും ഒരു സഹമന്ത്രിയെയെങ്കിലും പ്രവാസികാര്യ വകുപ്പില്‍ നിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it