kannur local

തൊഴിലുറപ്പ് പദ്ധതി: ജലസംരക്ഷണത്തിന് പരിഗണന



കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ തൊഴിലുറപ്പ് കര്‍മപദ്ധതി തയ്യാറാക്കുമ്പോള്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദേശം. ജില്ലയില്‍ ആരംഭിച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ കഴിയും വിധം തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. കര്‍മപദ്ധതിയില്‍ 60 ശതമാനം പ്രവര്‍ത്തനങ്ങളെങ്കി ലും ജലസംരക്ഷണ മേഖലയിലായിരിക്കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. നഗരസഭകളുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും ഈ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ലൈഫ് പദ്ധതിയില്‍ ജി ല്ലയില്‍ 2662 വീടുകളാണ് പൂര്‍ത്തീകരിക്കേണ്ടത്. സാമൂഹിക ഇടപെടലിലൂടെ മാത്രമേ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാവൂ എന്നും ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്കുള്ള സമയപരിധി ഈമാസം 15 വരെ നീട്ടി. കൃത്യമായ പരിശോധന നടത്തി മാത്രമേ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കാവൂ എന്ന കര്‍ശന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ട്. അതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ മൂന്‍കൂട്ടി തന്നെ പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. മേയര്‍ ഇ പി ലത, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍, വി കെ സുരേഷ്ബാബു, ടി ടി റംല, പി ഗൗരി, അജിത് മാട്ടൂല്‍, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it