wayanad local

തൊഴിലുറപ്പ്: കുടിശ്ശിക ലഭിക്കാതെ ആയിരങ്ങള്‍



സുല്‍ത്താന്‍ ബത്തേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി താളംതെറ്റി. തൊഴില്‍ ചെയ്തവര്‍ക്ക് കൂലി ലഭിച്ചില്ല. പട്ടിണി അകറ്റാന്‍ തൊഴില്‍ ചെയ്തവര്‍ നിത്യവൃത്തിക്കായി പാടുപെടുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ 18 കോടിയോളം രൂപയാണ് വിതരണം ചെയ്യാനുള്ളത്. നെന്മേനി ഗ്രാമപ്പഞ്ചായത്തില്‍ മാത്രം 1.48 കോടി രൂപ വിതരണം ചെയ്യാനുണ്ട്. 4800 തൊഴിലാളികളുടെ ഏഴുമാസത്തെ കൂലിയാണിത്. തൊഴിലെടുത്ത് 14 ദിവസത്തിനകം വേതനം നല്‍കണമെന്ന നിയമം പാലിക്കപ്പെടുന്നില്ല. വീഴ്ച വരുത്തിയാല്‍  പലിശ ഉള്‍പ്പെടെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍  നിക്ഷേപിക്കണമെന്ന ആവശ്യവും കടലാസില്‍ മാത്രം. മറ്റൊരു ജോലിയും ഇല്ലാത്തതിനാലാണ് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ 260 രൂപ കൂലിക്ക് തൊഴിലെടുക്കുന്നത്. ഈ വര്‍ഷത്തെ അസഹ്യമായ ചൂട് സഹിച്ച് ജോലി ചെയ്ത വേതനമാണ് ലഭിക്കാനുള്ളത്. കൂലി ലഭിക്കാത്തതുമൂലം തൊഴിലാളികളുടെ കുടുംബ ബജറ്റ് തന്നെ താളംതെറ്റിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളില്‍ പെട്ടി കടകളില്‍ പോലും കച്ചവടം നിലച്ച പോലെയായി. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ചെയ്തവര്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് വേതനം വിതരണം ചെയ്യണമെന്ന് നെന്മേനി ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഞ്ചായത്തുതലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. നെന്മേനി പഞ്ചായത്തില്‍ കുടിശ്ശികയായ തൊഴിലുറപ്പ് വേതനം ഉടന്‍ വിതരണം ചെയ്യണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍ധനരായ കുടുംബങ്ങള്‍ നിത്യവൃത്തിക്കായി പാടുപെടുകയാണ്. പണം ലഭിക്കാന്‍ താമസമുണ്ടെങ്കില്‍ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നു താല്‍ക്കാലികമായി തുക അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി ടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ കെ പ്രേമചന്ദ്രന്‍, കെ കെ പോള്‍സണ്‍, ഗോപി കോളിയാടി, അനന്തന്‍ അമ്പലക്കുന്ന്, ജയമുരളി, കെ എം വര്‍ഗീസ്, സക്കറിയ മണ്ണില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it