തൊഴിലിടങ്ങളിലെ സുരക്ഷ: നൂതനാശയങ്ങളുമായി സുരക്ഷിതം 2018

കൊച്ചി: തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഭീഷണിയാവുന്ന വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സുരക്ഷിതം 2018 രാജ്യാന്തര സെമിനാറും പ്രദര്‍ശനവും ലേബര്‍ കമ്മീഷണര്‍ കെ ബിജു ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് മുഖ്യ പരിഗണന നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു.
തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കും തൊഴിലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വികസിത രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അസംഘടിത തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഏറെ കാര്യങ്ങള്‍ നടപ്പാക്കാനുണ്ട്. ജര്‍മനിയിലെ തൊഴില്‍ സുരക്ഷാ മേഖലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിലൂടെ നമുക്ക് സ്വീകരിക്കാവുന്ന നല്ല മാതൃകകള്‍ കണ്ടെത്താനും നടപ്പാക്കാനും കഴിയും. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. പരിശീലനം, നല്ല ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍ സീറോ എന്ന ആഗോള സ്ട്രാറ്റജിയില്‍ ഏഴ് സുപ്രധാന നിയമങ്ങളാണുള്ളതെന്നും ഇവ കൃത്യമായി പാലിച്ചാല്‍ തൊഴിലിടങ്ങളിലെ അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാവുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഇന്റര്‍നാഷനല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ. കാള്‍ ഗെയ്ന്‍സ് നോട്ടല്‍ പറഞ്ഞു. ഈ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ പുസ്തകം ഇന്റര്‍നാഷനല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ വെബ്‌സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍്‌ലോഡ് ചെയ്യാം. ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്നതിനാല്‍ എല്ലാ ഭാഷക്കാര്‍ക്കും ഇതു പ്രയോജനപ്പെടുത്താം. തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച് നഴ്‌സറിതലം മുതല്‍ അവബോധം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലെ തൊഴില്‍ സുരക്ഷിതത്വ -ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിയൂട്ടറി ജര്‍മന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഏജന്‍സി ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പുമായി സഹകരിച്ചാണ് കൊച്ചിയില്‍ പരിപാടി സംഘടിപ്പിച്ചത്. ജര്‍മനിയില്‍നിന്നുള്ള വിദഗ്ധരാണ് സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ കെട്ടിട നിര്‍മാണ, ഫാക്ടറി തൊഴിലാളി, മാനേജ്‌മെന്റ് രംഗത്തെ 400ഓളം പ്രതിനിധികള്‍ പങ്കെടുത്തു. തൊഴിലാളികള്‍ക്കാവശ്യമായ ആധുനിക ജര്‍മന്‍ നിര്‍മിത സ്വയരക്ഷ ഉപകരണങ്ങള്‍, ശ്വാസകോശ രോഗങ്ങളില്‍നിന്നു സംരക്ഷണം നല്‍കുന്ന യൂറോപ്യന്‍ ഉപകരണങ്ങള്‍, കൊച്ചി കപ്പല്‍ നിര്‍മാണ ശാല, റിഫൈനറി, പെട്രോനെറ്റ് എല്‍എന്‍ജി എന്നിവിടങ്ങളിലെ സുരക്ഷിതത്വ- ആരോഗ്യ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. കൂടാതെ കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി ഫാക്ടറിയുടെ ആധുനിക സുരക്ഷിതത്വ ക്രമീകരണങ്ങളുടെ തല്‍സമയ പ്രദര്‍ശനവും നടന്നു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി പ്രമോദ്, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എസ് മണി, ജോയിന്റ് ഡയറക്ടര്‍ റോയ് പി പയസ്, കൊച്ചിന്‍ റിഫൈനറി, പെട്രോനെറ്റ് എല്‍എന്‍ജി, ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it