Idukki local

തൊടുപുഴ മുനിസിപ്പാലിറ്റി; പദവികള്‍ രാജിവയ്ക്കാന്‍ സന്നദ്ധതയറിയിച്ച് സുധാകരന്‍ നായരുടെ കത്ത്‌

തൊടുപുഴ: മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയതു സംബന്ധിച്ച് ഡിസിസി വിശദീകരണം തേടിയതിനു പിന്നാലെ നഗരസഭ  കൗണ്‍സിലര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധതയറിയിച്ച്  മുന്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍.കൗണ്‍സിലര്‍ സ്ഥാനം രാജി വെയ്ക്കാന്‍ തയാറാണെന്ന്  അറിയിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മൂഹമ്മദിന് ഇന്നലെ അദ്ദേഹം കത്ത് നല്‍കി.
ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായ സുധാകരന്‍ നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് നഗരസഭയില്‍  യുഡിഎഫിന് ഭരണം നഷ്ടമാകുകയും ഇടതുമുന്നണി സ്ഥാനാര്‍ഥി ചെയര്‍പേഴ്‌സണാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിലും ഘടകകക്ഷികള്‍ക്കു മുന്നിലും അദ്ദേഹം അനഭിമതനായി മാറി. സുധാകരന്‍ നായര്‍ മനപ്പൂര്‍വം വോട്ട് അസാധുവാക്കിയതാണെന്നും അതിനാല്‍ ശക്തമായ നടപടിയെടുക്കണമെന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കേണ്ട കേരളാ കോണ്‍ഗ്രസ്-എമ്മും മറ്റംഗങ്ങളും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഡിസിസിയുടെ നേതൃത്വത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ സുധാകരന്‍നായര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന്ാണ് ഇദ്ദേഹത്തോട് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി കത്തും നല്‍കി. ഇതിനിടയിലാണ് സുധാകരന്‍ നായര്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്.
ചെയര്‍മാന്‍ തിരഞ്ഞടുപ്പില്‍ നടന്ന സംഭവവികാസങ്ങളെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍  വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ചര്‍ച്ച ചെയ്ത് രമ്യതയിലാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയും വൈസ് ചെയര്‍മാന്‍ പദവി യുഡിഎഫ് നേടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം സുധാകരന്‍ നായര്‍ക്ക് വീഴ്ച പറ്റിയെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി. നേതൃത്വം കുറിപ്പ് നല്‍കിയത്. സുധാകരന്‍ നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത് ഇന്നലെ  ഉച്ചയോടെയാണ്.
തിരഞ്ഞെടുപ്പില്‍ തനിക്ക്  അബദ്ധം പിണഞ്ഞതാണെന്ന് പല തവണ അറിയിച്ചിട്ടും മനപ്പൂര്‍വം തന്നെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ കുറച്ചുപേര്‍ സംഘടിതമായി ശ്രമിക്കുന്നുവെന്നും തനിക്ക് പറ്റിയ തെറ്റിന്റെ കാരണം വ്യക്തമാക്കിയിട്ടും തന്നെ വളഞ്ഞിട്ടു ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും സുധാകരന്‍നായര്‍ പറഞ്ഞു. സ്ഥാനം ഒഴിഞ്ഞുകൊടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ അങ്ങനെ തീരട്ടെ അതിനാലാണ് രാജിയ്ക്ക് സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതിനെതിരെയുള്ള അമര്‍ഷവും അസാധു വോട്ട് സാധുവാക്കുന്നതിനായി യുഡിഎഫ് നിര്‍ദ്ദേശ പ്രകാരം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്നെ കക്ഷി ചേര്‍ക്കാത്തതിലെ പ്രതിഷേധവും സുധാകരന്‍ നായര്‍ രാജി കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സുധാകരന്‍നായര്‍ നല്‍കിയ കത്തിനെ കുറിച്ച് ഡിസിസിയെ വിവരമറിയിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും  വിശദമായി പഠിച്ചശേഷം ആവശ്യമായ തുടര്‍ നടപടിയെടുക്കുമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it