Idukki local

തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി ; കെടിഡിസിക്ക് വന്‍ നഷ്ടം



കുമളി: ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ബോട്ടിംഗ് നിര്‍ത്തിയതോടെ തേക്കടിയില്‍ കെ.ടി. ഡി.സിക്ക് വന്‍ നഷ്ടം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാലും കൂടുതല്‍ വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ടുപോയതിനാലുമാണ് തേക്കടി തടാകത്തിലെ ജലനിരപ്പ് താഴ്ന്നത്. നിലവില്‍ തടാകത്തില്‍ 108.8 അടി വെള്ളമാണുള്ളത്.115 അടിക്ക് മുകളില്‍ വെള്ളമുണ്ടെങ്കില്‍ മാത്രമേ മരക്കുറ്റികള്‍ നിറഞ്ഞ തടാകത്തിലൂടെ സുഗമമായി ബോട്ടിംഗ് നടത്താന്‍ കഴിയുകയുള്ളൂ. തടാകത്തില്‍ വെള്ളം കുറഞ്ഞതോടെ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ബോട്ടിംഗ് നിര്‍ത്തി വെക്കേണ്ടി വന്നു. തേക്കടി തടാകത്തില്‍ നടത്തുന്ന ബോട്ടിംഗില്‍ നിന്നു മാത്രം ഒരു സീസണില്‍ ശരാശരി അഞ്ചു കോടിയോളം രൂപയാണ് കെ.ടി.ഡി.സിക്ക് വരുമാനം ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കന്നത്. വെള്ളമില്ലാത്തതിനാല്‍ പല ഘട്ടങ്ങളിലായി താ ല്‍ക്കാലികമായി ബോട്ടിംഗ് നിര്‍ത്തിയതാണ് വരുമാനം കുറയാന്‍ കാരണം.2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ 89,66,856 രൂപയുടെ വരുമാനമാണ് ബോട്ടിംഗില്‍ നിന്നും മാത്രം കെ.ടി.ഡി.സിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ ഇത് 57,05,409 രൂപയായി കുറഞ്ഞു. ജലനിരപ്പ് കുറഞ്ഞതിലൂടെ മാത്രം 32,61,447 രൂപയുടെ വരുമാന നഷ്ടമാണ് കെ.ടി.ഡി സിക്ക് ഉണ്ടായിട്ടുള്ളത്. 36 ശതമാനത്തോ ളം വരുമാനക്കുറവാണ് ഈ രണ്ട് മാസത്തിനുള്ളില്‍ മാത്രം ഉണ്ടായിട്ടുള്ളത്. ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചതും ബോട്ടിംഗ് നിര്‍ത്തി വെച്ചതുമാണ് വരുമാനക്കുറവിന് കാരണം. ബോട്ടിന്റെ അടിഭാഗം കനാലിന്റെ അടിത്തട്ടിലും മരക്കുറ്റികളിലും തട്ടിയുള്ള അപകട സാധ്യത മുന്നില്‍ക്കണ്ടാണ് യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചത്. ഒരേ സമയം 126 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജലരാജയുടെ സീറ്റിംഗ് കപ്പാസിറ്റി 75 ഉം ജല സുന്ദരിയുടേത് 30ല്‍ നിന്നും 20 ഉം ആക്കി കുറച്ചിരുന്നു. മാത്രമല്ല ബോട്ടിംഗ് നിര്‍ത്തിയതിലൂടെ കെ.ടി.ഡി.സിയുടെ തേക്കടിയിലെ നക്ഷത്ര ഹോട്ടലുകളായ ലേക് പാലസ്, അരണ്യ നിവാസ്, പെരിയാര്‍ ഹൗസ് എന്നിവിടങ്ങളില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാരിന് മികച്ച വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളാണ് തേക്കടിയില്‍ പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it