തൃപ്പൂണിത്തുറയിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം: അഭിപ്രായ വ്യത്യാസത്തിനു കാരണം വിഭാഗീയത; പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ സിപിഎമ്മിലുണ്ടായ വിഷയങ്ങള്‍ വിഭാഗീയതയെ തുടര്‍ന്നെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് അന്വേഷണത്തിനായി പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും സൂചനയുണ്ട്.
തൃപ്പൂണിത്തുറയുള്‍പ്പെടെ ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലെയും വിശദമായ തിരഞ്ഞെടുപ്പ് അവലോകന റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് തയ്യാറാക്കുന്നതിനായി ഇന്നും നാളെയുമായി 14 നിയോജമണ്ഡലത്തിലെയും മണ്ഡലം കമ്മിറ്റികള്‍ ചേരും.
സ്ഥാനാഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മറ്റെങ്ങുമുണ്ടാവാത്ത വിധത്തിലുള്ള അനിശ്ചിതത്വമായിരുന്നു തൃപ്പൂണിത്തുറയില്‍ സിപിഎം നേരിട്ടത്. കെ ബാബുവിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിനെ മല്‍സരിപ്പിക്കാനായിരുന്നു ജില്ലാകമ്മിറ്റി തീരുമാനം. തുടര്‍ന്ന് കോട്ടയം, എറണാകുളം ജില്ലാസെക്രട്ടറിമാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതോടെ പി രാജീവിന് സ്ഥാനാര്‍ഥിത്വം നഷ്ടമായി. എന്നാല്‍, രാജീവിനെതന്നെ സ്ഥാനാര്‍ഥിയാക്കിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ജില്ലാസെക്രട്ടേറിയറ്റും കമ്മിറ്റിയും. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് കര്‍ശന നിര്‍ദേശം നല്‍കിയതോടെ 2011ല്‍ തൃപ്പൂണിത്തുറയില്‍ മല്‍സരിച്ച് പരാജയപ്പെട്ട സി എന്‍ ദിനേശ് മണിയെ സ്ഥാനാഥിയാക്കാന്‍ തീരുമാനിച്ചെങ്കിലും ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റി. ഇതിനിടയില്‍ പി രാജീവിനെതന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത്.
തുടക്കത്തില്‍ പ്രചാരണം മന്ദഗതിയിലായിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് പ്രത്യേക യോഗം വിളിച്ചതിനു ശേഷമാണ് പ്രചാരണം ശക്തി പ്രാപിച്ചത്. ഒടുവില്‍ കെ ബാബുവിനെ തോല്‍പ്പിച്ച് എം സ്വരാജ് വിജയിച്ചുവെങ്കിലും പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയവേളയിലുണ്ടായ സംഭവങ്ങളും വിഭാഗീയതയായിട്ടാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലയില്‍ ബിജെപിക്കും ബിഡിജെഎസിനും വോട്ട് വര്‍ധിച്ചത് ഗൗരവമായി കാണണമെന്ന് വിലയിരുത്തല്‍ ഉണ്ടായി. തൃപ്പൂണിത്തുറ, പിറവം, കുന്നത്ത്‌നാട്, ആലുവ എന്നിവിടങ്ങളിലാണ് ബിജെപിക്കും ബിഡിജെഎസിനും വോട്ട് വര്‍ധിച്ചത്. ഇതേ തുടര്‍ന്ന് കെപിഎംഎസ്,എസ്എന്‍ഡിപി ശാഖകളില്‍ അംഗങ്ങളായ പാര്‍ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ സര്‍ക്കുലര്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ആലുവ എന്നിവടങ്ങളിലും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞതായി ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി.അങ്കമാലിയിലും പറവൂരിലും യഥാക്രമം ഘടക കക്ഷികളായ ജനതാദള്ളും സിപിഐയുമാണ് മല്‍സരിച്ചിരുന്നത്.സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ പെരുമ്പാവൂരിലെ പരാജയവും സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായി.
Next Story

RELATED STORIES

Share it