തൂത്തുക്കുടി ജുഡീഷ്യല്‍ അന്വേഷണം വേണം: എന്‍സിഎച്ച്ആര്‍ഒ

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് ചെമ്പുശുദ്ധീകരണ പ്ലാന്റിനെതിരേ സമാധാനപരമായി സമരം നടത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ആവശ്യപ്പെട്ടു. തമിഴ്‌നാടിന്റെ അയല്‍ സംസ്ഥാനങ്ങളിലെ സിറ്റിങ് ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു സമിതി അധ്യക്ഷന്‍ പ്രഫ. എ മാര്‍ക്‌സ് ആവശ്യപ്പെട്ടു.
തമിഴ്‌നാട് സര്‍ക്കാര്‍ നിയമിച്ച റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിവയ്പിനു മുമ്പു സമരക്കാര്‍ക്ക് ആവശ്യമായ മുന്നറിയിപ്പു നല്‍കിയിരുന്നോ, പോലിസ് ചട്ടങ്ങള്‍ അനുസരിച്ചാണോ വെടിവയ്പ് നടത്തിയത്, കൊല്ലപ്പെട്ടവരില്‍ മിക്കവരുടെയും ശരീരത്തിന്റെ മുകള്‍ഭാഗത്തു വെടിയുണ്ടകള്‍ തറച്ചതും ആള്‍ക്കൂട്ടത്തിനു നേരെ യാദൃശ്ചികമായി നടത്തിയ വെടിവയ്പില്‍ ഒരു പ്രത്യേക സംഘടനയിലെ ആളുകള്‍ മാത്രം കൊല്ലപ്പെട്ടത് എങ്ങനെയാണ് എന്നീ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലംമാറ്റിയ ജില്ലാകലക്ടറെയും പോലിസ് സൂപ്രണ്ടിനെയും സസ്പന്‍ഡ് ചെയ്യണം.
ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിക്കണം.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ഒരു കുടുംബാംഗത്തിനു സര്‍ക്കാര്‍ ജോലി നല്‍കുകയും വേണം. സംഭവത്തില്‍ പരിക്കേറ്റവര്‍ക്കു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുകയും അവരുടെ തുടര്‍ ചികില്‍സയുടെ ചെലവു സര്‍ക്കാര്‍ വഹിക്കുകയും വേണമെന്നും എന്‍സിഎച്ച്ആര്‍ഒ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it