kozhikode local

തൂണേരി അക്രമം : പോലിസ് വീഴ്ച അന്വേഷിക്കണം- ന്യൂനപക്ഷ കമ്മീഷന്‍



നാദാപുരം: വെള്ളൂരില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന കലാപം നിയന്ത്രിക്കുന്നതില്‍ പോലിസിന്റെ ഭാഗത്ത് സംഭവിച്ച അനാസ്ഥയെക്കുറിച്ച് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടു. സ്വതന്ത്ര തൊഴിലാളി യൂനിയന്‍ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുസ്തഫ കുന്നുമ്മലാണ് ന്യൂനപക്ഷ കമ്മിഷന് പരാതി നല്‍കിയത്. 2016 ജനുവരി 22ന് ഷിബിന്‍ എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തൂണേരി ഗ്രാമപ്പഞ്ചായത്തിലെ വെള്ളൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. 23ന് രാവിലെ മുതല്‍ വൈകീട്ടുവരെ വെള്ളൂരിലെ നിരവധി വീടുകള്‍ ആക്രമിക്കുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 81 വീടുകള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന പോലിസുകാര്‍ അക്രമികളെ തടയാനോ കര്‍ശന നടപടിയിലൂടെ അക്രമം അമര്‍ച്ച ചെയ്യാനോ തയ്യാറിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പോലിസ് സ്റ്റേഷന് മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള വെള്ളൂരില്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടും സംഭവസ്ഥലത്ത് പോലിസ് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍, അക്രമം നിയന്ത്രിക്കാന്‍ കഴിഞ്ഞതായി പോലിസിന്റെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ശരിയല്ലെന്നാണ് ന്യൂനപക്ഷ കമ്മീ ഷന്‍ കണ്ടെത്തിയത്. വലിയ രീതിയിലുള്ള കൊള്ളയും തീവെപ്പും വാഹനങ്ങള്‍ തകര്‍ക്കലുമൊക്കെ നടന്നിട്ടും പോലിസ് ഇതൊന്നും ഗൗരവത്തില്‍ എടുത്തില്ലെന്നും കമ്മമഷന്‍ വിലയിരുത്തി. പ്രദേശത്തെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും മതിയായ സംരക്ഷണം നല്‍കുന്നതില്‍ പോലിസിന് തികഞ്ഞ പരാജയം സംഭവിച്ചതായും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് അന്നത്തെ പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലിസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it