Kottayam Local

തൂക്കുപാലത്തിലൂടെയുള്ള യാത്ര ഇല്ലിക്കുന്ന്കാര്‍ക്ക് ഭീഷണിയാവുന്നു



ഈരാറ്റുപേട്ട: തൂക്കുപാലത്തിലൂടെയുള്ള യാത്ര ഇല്ലിക്കുന്ന് നിവാസികള്‍ക്കു ഭീഷണിയാവുന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ തീക്കോയിലും പാലാ നിയോജക മണ്ഡലത്തിലെ തലനാട് പഞ്ചായത്തുകളിലുമായി ഇരുകരകളിലുമായി കിടക്കുന്ന 70ല്‍പരം കുടുംബങ്ങള്‍ താമസിക്കുന്ന ഇല്ലിക്കുന്ന് നിവാസികളാണ് ദിവസവും 95 വര്‍ഷം പഴക്കമുള്ള തൂക്കുപാലത്തിലൂടെ സഞ്ചരിക്കുന്നത്. ആര്‍ലി സായിപ്പിന്റെ കാലത്താണ് ഇവിടെ തൂക്കുപാലം ഏര്‍പെടുത്തിയത്. പലകകളും കമ്പിവടിവും ദ്രവിച്ച ഈ പാലത്തിലൂടെ വിദ്യാര്‍ഥികളടക്കമാണ് സഞ്ചരിക്കുന്നത്. ഇവിടെ അങ്കണവാടിയും പ്രവര്‍ത്തിക്കുന്നുണ്ട്.ഇംഗ്ലണ്ടില്‍ നിന്നെത്തിയ തീക്കോയി റബര്‍ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ആര്‍ലി സായിപ്പ് ഇരുകരകളിലായി കിടക്കുന്ന 1000ല്‍ അധികം ഏക്കര്‍ വരുന്ന എസ്റ്റേറ്റ് കാണുന്നതിനും ടാപ്പിങ് തൊഴിലാളികള്‍ക്ക് സഞ്ചരിക്കാനുമായി മീനച്ചിലാറിന്റെ പോഷകനദിയായ അടുക്കം ആറിന് കുറുകെ നാലു തൂക്കുപാലങ്ങള്‍ നിര്‍മിക്കുകയായിരുന്നു. കാലപ്പഴക്കത്താല്‍ മൂന്നു തൂക്കുപാലങ്ങള്‍ തകര്‍ന്നു. എന്നാല്‍ നാട്ടുകാര്‍ ഇല്ലിക്കുന്ന് തൂക്കുപാലം കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിച്ചിരുന്നു. അതേസമയം അപകടകരമായ ഈ തുക്കുപാലം മാറ്റി ഇവിടെ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്നുള്ള നാട്ടുകാരുടെ നിരന്തരമുള്ള ആവശ്യം ബന്ധപ്പെട്ട അധികാരികള്‍ അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it