തുറന്ന കോടതികളില്‍ മാധ്യമങ്ങളെ വിലക്കാനാവില്ല: ജസ്റ്റിസ് ബി കെമാല്‍ പാഷ

കൊച്ചി: തുറന്ന കോടതികളില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് ബി കെമാല്‍പാഷ. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച നിയമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറന്ന കോടതികളില്‍ നടക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. ജനങ്ങളിലേക്ക് കോടതിയിലെ വിവരങ്ങള്‍ എത്തിക്കേണ്ട മധ്യസ്ഥരാണ് മാധ്യമങ്ങള്‍. ഇതിനാല്‍ കോടതി പരാമര്‍ശങ്ങളെ വാര്‍ത്തയാക്കാം. എന്നാല്‍, കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമേ വാര്‍ത്തയായി നല്‍കാവൂ. കോടതിക്കുള്ളില്‍ ജഡ്ജി പറയുന്ന എല്ലാ കാര്യങ്ങളും വിധി പകര്‍പ്പിലുണ്ടാവില്ല. അപ്പോള്‍ കോടതി പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കിയ റിപോര്‍ട്ടറുടെയും മാധ്യമസ്ഥാപനത്തിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു നല്ലതാണ്. മാധ്യമങ്ങളുടെ വിചാരണ ഒരു രീതിയിലും കോടതിയുടെ വിധികളെ സ്വാധീനിക്കാറില്ല. ജഡ്ജിമാര്‍ ചുറ്റുപാടുകളെക്കുറിച്ച് അവബോധമുള്ളവരാണ്.
സമൂഹത്തിന്റെ ചലനങ്ങള്‍ ജഡ്ജിമാര്‍ അറിയുന്നുണ്ടെങ്കിലും വിധിയെ ഇത്തരം കാര്യങ്ങളൊന്നും സ്വാധീനിക്കാറില്ല. കോടതിയുടെ വിധികളെ വിമര്‍ശന വിധേയമാക്കാവുന്നതാണ്. എന്നാല്‍, ജഡ്ജിമാരെ വ്യക്തിപരമായി വിമര്‍ശിക്കരുത്. സുപ്രിംകോടതിയുടെ വിധിയെ വിമര്‍ശിക്കാനാവില്ല. അത് അവസാന വാക്കാണ്. എന്നാല്‍, മറ്റ് കോടതികളുടെ വിധികളെ വിമര്‍ശന വിധേയമാക്കുന്നതില്‍ തെറ്റില്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിര്‍ബന്ധിത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ക്രൂരതകള്‍ക്കും അക്രമങ്ങള്‍ക്കും ടിവി സീരിയലുകള്‍ക്കു പങ്കുണ്ട്. കുട്ടികളടക്കമുള്ള സമൂഹം സീരിയലുകളുടെ കാഴ്ചക്കാരാണ്. കച്ചവടതാല്‍പര്യത്തോടെ സീരിയലുകള്‍ നിര്‍മിക്കുമ്പോള്‍ സമൂഹത്തോടുള്ള ബാധ്യത മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമ റിപോര്‍ട്ടിങിലെ സാങ്കേതികതയും ധാര്‍മികതയും സംബന്ധിച്ച് മുന്‍ എംപി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ക്ലാസെടുത്തു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഡി ദീലീപ്, എറണാകുളം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ജീന പോള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it