തുര്‍ക്കി കുടിയേറ്റ പദ്ധതിക്ക് ഇയു അംഗീകാരം

ബ്രസ്സല്‍സ്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ലഘൂകരിക്കുന്നതിനു തുര്‍ക്കിയുമായുള്ള ഉടമ്പടിക്ക് യൂറോപ്യന്‍ യൂനിയന്റെ പിന്തുണ. ഇതിനായുള്ള കര്‍മപരിപാടികള്‍ക്ക് യൂനിയന്‍ അംഗീകാരം നല്‍കി. അഭയാര്‍ഥി പ്രവാഹം തടയാന്‍ സഹായിക്കുന്നതിനു നിരവധി ആവശ്യങ്ങള്‍ തുര്‍ക്കി മുന്നോട്ടു വച്ചിട്ടുണ്ട്. മെഡിറ്ററേനിയന്‍ വഴി ഈ വര്‍ഷം 6,00,000 അഭയാര്‍ഥികള്‍ യൂറോപ്പിലേക്കു കടന്നതായാണ് യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. 300 കോടി യൂറോ സഹായധനം തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം യൂനിയന്‍ പരിഗണിച്ചു വരുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ഇതില്‍ തീരുമാനമുണ്ടായേക്കും. ഈ ആഴ്ച മെര്‍ക്കല്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നുണ്ട്. തുര്‍ക്കിയുമായി ധാരണയിലെത്തുന്നതിനെ നിരവധി രാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. യൂറോപ്യന്‍ യൂനിയനിലെ അതിര്‍ത്തിരഹിത ഷെംഗന്‍ മേഖലയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ നടപടികള്‍ ഉദാരമാക്കല്‍, തുര്‍ക്കിയുമായുള്ള സൗഹൃദത്തിന് പുതിയ അധ്യായങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയവും ബ്രസ്സല്‍സ് ഉച്ചകോടിയില്‍ യൂറോപ്യന്‍ അധികൃതര്‍ അംഗീകരിച്ചു.

തുര്‍ക്കിയുമായുള്ള ഈ ധാരണ 'ജാഗ്രതയോടെയുള്ള ശുഭ പ്രതീക്ഷ'യാണെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്‌ക് പറഞ്ഞു.ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് തോതിലുള്ള കുടിയേറ്റമാണ് കടല്‍ വഴിയും കരമാര്‍ഗവും യൂറോപ്പിലേക്ക് ഉണ്ടായിട്ടുള്ളത്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 5,93,432 അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയത്. ഇവരില്‍ 3,103 പേര്‍ കടല്‍യാത്രയ്ക്കിടെ മരണപ്പെട്ടു. ഇതില്‍ 76 ശതമാനം പേരാണ് ഗ്രീസിലെത്തിയത്. ഗ്രീസിലെത്തിയ ആകെ അഭയാര്‍ഥികളില്‍ 70.1ശതമാനം പേര്‍ സിറിയയില്‍ നിന്നുള്ളവരാണ്. ഇറ്റലിയെത്തിയ 10,043 പേര്‍ തങ്ങളടെ കുട്ടികളുമൊന്നിച്ചാണ് എത്തിയത്. 7,10,000 കുടിയേറ്റക്കാര്‍ യൂറോപ്യന്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it