thrissur local

തീരദേശ മേഖലയില്‍ വ്യാപക സംഘര്‍ഷം നടത്തി മുതലെടുപ്പിന് ലീഗ് ശ്രമം

കടപ്പുറം: സമാധാനന്തരീക്ഷത്തില്‍ കഴിയുന്ന തീരദേശ മേഖലയില്‍ വ്യാപക സംഘര്‍ഷം നടത്തി മുതലെടുപ്പിന് ലീഗ് ശ്രമം നടത്തുന്നതായി ആരോപണം.
ഇത്തവണ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായ ആശുപത്രിപ്പടി വാര്‍ഡില്‍ മുസ്‌ലിം ലീഗിനേറ്റ കനത്ത തിരിച്ചടിയാണ് ഇന്നലെ നടന്ന സംഘര്‍ഷത്തിന് പ്രധാന കാരണം. ഇതുവരെ ലീഗ് ഒഴികെയുള്ളവരാരും ജയിക്കാത്ത 13ാം വാര്‍ഡില്‍ ഇത്തവണ നറുക്കെടുപ്പിലൂടേയാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി രക്ഷപ്പെട്ടത്.
ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്‌ലിം ലീഗിലെ റഫീഖക്കും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷജീനാ ആനാംകടവിലിനും 379 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ഇതോടേയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. 2010ല്‍ 178 വോട്ടുകള്‍ക്കാണ് ഈ വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നത്. വാര്‍ഡില്‍ പാര്‍ട്ടിക്കുണ്ടായ ഈ തിരിച്ചടി ഏറം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഇതിനിടേയാണ് നറുക്കെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ അനുമതി തേടി പോലിസിനെ സമീപിച്ചത്.
എന്നാല്‍, പ്രകടനം നടത്തുന്നത് മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെക്കുമെന്നും ആയതിനാല്‍ അനുമതി നല്‍കരുതെന്നും അവശ്യപ്പെട്ട് ഒരു വിഭാഗം ലീഗ് നേതാക്കള്‍ പോലിസില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതാണ് പരിപാടി നീണ്ടു പോവാന്‍ കാരണമായത്.
തുടര്‍ന്ന് പരിപാടി സംഘടിപ്പിക്കുന്നതിനായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിരവധി തവണ സ്റ്റേഷനിലെത്തിയതോടെ പോലിസ് അനുമതി നല്‍കി. ഈ പരിപാടിക്കു മുന്നോടിയായി നടത്തിയ പ്രകടനത്തിനിടേയാണ് സംഘര്‍ഷമുണ്ടായത്. മേഖലയില്‍ മുസ്‌ലിം ലീഗിന് വേണ്ടി സ്ഥിരം ആക്രമണം നടത്തുന്നവരാണ് ഇന്നലെ നടന്ന സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത്.
സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാവാത്തതാണ് ഇത്തരത്തില്‍ വ്യാപക ആക്രമണങ്ങള്‍ നടക്കുന്നതെന്നും രാഷ്ട്രീയ സമ്മര്‍ദമാണ് ആക്രമണകാരികള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ നിന്നും പോലിസിനെ പിന്തിരിപ്പിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it