thrissur local

തീരദേശ മേഖലയില്‍ ഇതര സംസ്ഥാനക്കാരുടെ എണ്ണം വര്‍ധിക്കുന്നു

കെ എം അക്ബര്‍

ചാവക്കാട്: തൊഴില്‍തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്നും തീരദേശ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്നവരുടെ എണ്ണം പ്രതി ദിനം വര്‍ധിക്കുന്നു. വിവിധ മേഖലകളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി നിയമിക്കുമ്പോള്‍ പാലിക്കേണ്ട നടപടികളൊന്നും പാലിക്കുന്നില്ല. എന്നാല്‍ കുറ്റകൃത്യങ്ങളോ മറ്റ് അത്യാഹിതങ്ങളോ സംഭവിക്കുന്ന അവസരത്തില്‍ മാത്രമാണ് പോലിസ് ഇക്കൂട്ടരെ അന്വേഷിച്ചിറങ്ങുന്നത്. ബീഹാര്‍, ആന്ധ്ര, നേപ്പാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മുംബൈ, ഡല്‍ഹി, കര്‍ണ്ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരുടെ വിവരങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. ഹോട്ടല്‍ ജീവനക്കാരില്‍ പാചകക്കാര്‍ മുതല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍വരെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ക്യാംപ് ചെയ്യുന്നുണ്ട്. മേഖല കേന്ദ്രീകരിച്ച് ഇതര സംസ്ഥാനക്കാര്‍ കുടുംബസമേതം തമ്പടിച്ചിട്ട് വര്‍ഷങ്ങളായി. ഇതര സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളില്‍പെട്ട് തടിതപ്പി എത്തിയവരും താലൂക്കില്‍ പലയിടങ്ങളിലായി കഴിയുന്നുണ്ട്. ഇവരെക്കുറിച്ചുളള അന്വേഷണങ്ങള്‍ പലപ്പോഴും നടക്കുന്നില്ല. കൃത്യമായ വിവരശേഖരണവും നടക്കുന്നില്ല. തൊഴിലാളികളുടെ ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, ലൈസന്‍സ് എന്നിവ ഉള്‍പെടെയുള്ളവ പോലിസ് സ്റ്റേഷനുകളില്‍ ശേഖരിക്കാറുമില്ല. തൊഴില്‍തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ പലരും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീവിക്കുന്നവരാണ്. തൊഴിലുടമകള്‍ നല്‍കുന്ന സൗകര്യങ്ങള്‍ പലപ്പോഴും പരിതാപകരമാണ്. കുടുസു മുറികളില്‍ കൂട്ടമായി താമസിക്കുന്നവരുമുണ്ട്. ഇവര്‍ക്ക് ജോലികഴിഞ്ഞ് റൂമിലെത്തിയാല്‍ വിശ്രമിക്കുന്നതിനോ ഭക്ഷണം പാകം ചെയ്യുന്നതിനോ ഉള്ള സൗകര്യംപോലും വേണ്ടത്ര ഇല്ല. ഇത്തരം ജീവിത സാഹചര്യത്തില്‍ കഴിയുന്നവരില്‍ പലരും ലഹരിക്ക് അടിമപ്പെടുന്നതും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന ജനകീയ ആവശ്യം ശക്തമാകുകയാണ്.
Next Story

RELATED STORIES

Share it