malappuram local

തീരദേശത്ത് കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമമെന്ന്

തിരൂര്‍: തീരദേശത്ത് പറവണ്ണ ആലിന്‍ചുവട് പ്രദേശത്തിനു മേല്‍ ദുരാരോപണങ്ങള്‍ ഉന്നയിച്ച് വേട്ടയാടുന്ന സിപിഎമ്മിന്റെയും ദേശാഭിമാനിയുടേയും നിലപാടിനു പിന്നില്‍ തീരദേശത്ത് കലാപം ഇളക്കിവിടാനുള്ള  ശ്രമമാണെന്ന് മുസ്്‌ലീം ലീഗ് വെട്ടം പഞ്ചായത്ത് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഡോഗ്, ബോംബ് സ്‌ക്വാഡും റെയ്ഡ് ചെയ്തിട്ടും ഒന്നും കണ്ടെത്താനായില്ല. എന്നിട്ടും ആലിന്‍ചുവടിനെ തീവ്രവാദ കേന്ദ്രമെന്നും കുട്ടിപ്പാക്കിസ്ഥാനെന്നും ആയുധപ്പുരകളുണ്ടെന്നും  സിപിഎമ്മും ദേശാഭിമാനിയും പ്രചരണം തുടരുകയാണ്. പ്രചരണങ്ങള്‍ നടത്തി ഒരു പ്രദേശത്തെ സംഘര്‍ഷ പ്രദേശമായി മുദ്രകുത്തുന്നത് സിപിഎം നിര്‍ത്തണം. സിപിഎമ്മിന് അക്രമം നടത്താന്‍ പോലിസ് സഹായിക്കുകയാണ്. ഉണ്യാല്‍, അഞ്ചുടി, പറവണ്ണ വേളാപുരം, കൂട്ടായി അരയന്‍ കടപ്പുറം തീരമേഖലകളില്‍ സിപിഎം അക്രമം നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്. ഒത്താശ ചെയ്യുന്നത് തീരദേശത്തെ സിപിഎം സംസ്ഥാന നേതാവ് ഉള്‍പ്പടെയുള്ളവരാണ്. വിഷയം പോലിസ് അന്വേഷിക്കണമെന്നും അക്രമത്തില്‍ നിന്നും പിന്‍മാറി തീരദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സിപിഎം തയ്യാറാകണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍  ലീഗ് തിരൂര്‍ മണ്ഡലം ജന.സെക്ര വെട്ടം ആലിക്കോയ, വെട്ടം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ ഹംസ ഹാജി, സെക്രട്ടറി സി കെ ഹമീദ് നിയാസ്, ഖജാഞ്ചി കെ എം ഹസ്സന്‍, വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം പി റാഫി, ആലിന്‍ചുവട് ശാഖാ മുസ്്‌ലീം ലീഗ് സെക്രട്ടറി ബക്കര്‍ പറവണ്ണ  പങ്കെടുത്തു.
Next Story

RELATED STORIES

Share it