Alappuzha local

തിരോധാനത്തില്‍ ദുരൂഹത; കാണാതായ ദലിത് വിദ്യാര്‍ഥിയെ തിരുവനന്തപുരത്ത് കണ്ടെത്തി

എടത്വ: അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഒരാഴ്ച മുമ്പ് കാണാതായ ദലിത് വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി പാണ്ടങ്കരി പുത്തന്‍പറമ്പ് ലക്ഷം വീട് കോളനിയില്‍ സിമധുവിന്റെ മകന്‍ മിഥുനെ (14) യാണ് ഒരാഴ്ച മുമ്പ് കാണാതായത്.
നാലു ദിവസമായി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മറ്റൊരു പേരില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. കുട്ടിയില്‍ സംശയം തോന്നിയ ഹോട്ടലുടമ പോലീസില്‍ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുന്ന കുട്ടിയെ അന്വഷണ ചുമതലയുള്ള മാന്നാര്‍ സി.ഐ. യുടെ നേതൃത്വത്തില്‍ പോലീസ് എത്തി ഏറ്റുവാങ്ങും. സൈക്കിള്‍ മോഷണ കേസുമായി ബന്ധപെട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വിട്ടയച്ച വിദ്യാര്‍ത്ഥിയെ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് ഊര്‍ജിത അന്വേഷണം നടത്തിയെങ്കിലും വിദ്യാര്‍ത്ഥിയുടെ തിരോധാനം ദുരൂഹമായി തുടരുകയായിരുന്നു.
കെ.പി.എം.എസ് ജില്ല നേതൃത്വം പോലീസ് സ്റ്റേഷന്‍, റോഡ് എന്നിവ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇന്ന് പ്രിന്‍സിപ്പള്‍ എസ്.ഐക്ക് സ്ഥലം മാറ്റല്‍ ഉത്തരവ് നല്‍കാനിരിക്കെയാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.അതേസമയം എടത്വാ പോലീസിനെ സംബന്ധിച്ച് നാട്ടുകാര്‍ക്ക് പരാതികള്‍ ഏറുകയാണ്.ഒരാഴ്ച മുമ്പ് എടത്വാ ടൗണില്‍ നീതി മെഡിക്കല്‍ സ്റ്റോറിന്റെ മേല്‍ക്കൂര തകര്‍ത്ത് 15560 രൂപ മോഷ്ടിച്ച പ്രതികളെ പോലീസിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മദ്യ-മയക്കുമരുന്ന് മാഫിയാകളും, സാമൂഹിക വിരുദ്ധരും, ക്വട്ടേഷന്‍ സംഘവും വിലസുന്ന എടത്വാ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പോലീസ് പ്രതികളെ പിടികൂടുന്നത് വിരളമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി മോഷണങ്ങളും, ക്വട്ടേഷന്‍ ആക്രമണങ്ങളും ബാല പീഠനവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിടിക്കപെട്ടത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.എടത്വായില്‍ നടന്ന പ്രധാന രണ്ടു മോഷണങ്ങളിലെ പ്രതികളെ മറ്റൊരു കേസില്‍ അടുത്ത സ്റ്റേഷനിലെ പോലീസുകാരാണ് പിടി കൂടിയതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.പാണ്ടങ്കരിയില്‍ നടന്ന ക്വട്ടേഷന്‍ ആക്രമണ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
സാമൂഹിക വിരുദ്ധ ശല്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നൈറ്റ് പെട്രോളിംങ്ങ് പോലും നടക്കാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തകഴി-നീരേറ്റുപുരം സംസ്ഥാനപാതയുടെ ഇരുവശങ്ങളിലേ വീടുകള്‍ കേന്ദ്രീകരിച്ച് രാത്രി സമയത്ത് ബൈക്കിലെത്തി പിടിച്ച്പറിയും കൈയ്യേറ്റവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും നടത്തി സൈ്വര്യജീവിതം തകര്‍ക്കുന്നവര്‍ നിരവധിയുണ്ട്. ഇനിയും പോലീസ് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ എടത്വാ സ്റ്റേഷന്‍ പരിധി ക്രിമിനലുകളെകൊണ്ട് നിറയുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it