malappuram local

തിരൂരില്‍ 68 പേര്‍ അറസ്റ്റില്‍

തിരൂര്‍: കശ്മീരി ബാലിക കൊലപ്പെട്ട സംഭവത്തില്‍ സാമൂഹിക മാധ്യമം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയിലുണ്ടായ അക്രമങ്ങളുടെ പേരില്‍ തിരൂരില്‍ 68 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 40 പേരെ തിരൂര്‍ കോടതി റിമാന്റ് ചെയ്തു. ഇവരെ കോഴിക്കോട് ജയിലില്‍ പ്രവേശിപ്പിച്ചു. 28 പേരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കലാപ ശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
മജിസ്‌ട്രേറ്റിന്റെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം ചൊരിഞ്ഞു, പോലിസ് വാഹനം തടഞ്ഞ് ഭീഷണി മുഴക്കി, വാഹനങ്ങള്‍ തകര്‍ത്തു, പോലിസിനെ അക്രമിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കാമറാ പരിശോധന നടത്തിയാണ് കൂടുതല്‍ അറസ്റ്റുകള്‍ നടന്നത്. ഇതിനെരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ് സംഭവം കാണാനെത്തിയവരെ ഉള്‍പെടെ പോലിസ് പിടിച്ചുകൊണ്ടുപോവുന്നതായാണ് പരാതി. എന്നാല്‍, ഭരണസ്വാധീനത്തില്‍ പിടികൂടിയ പലരേയും വിട്ടയക്കുന്നതായും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായാണ് അറസ്റ്റുകള്‍ നടക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. നിരോധനാജ്ഞയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര റിസര്‍വ് സേനയടക്കം താനൂര്‍, തിരൂര്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് താനൂരില്‍ ഇന്നലെ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തി.
Next Story

RELATED STORIES

Share it