തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് ഉടന്‍ വേണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ഈ കോളജില്‍ ആദ്യവര്‍ഷ എംബിബിഎസ് ബാച്ച് തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, 134 പുതിയ തസ്തികകള്‍ അനുവദിച്ച് ലബോറട്ടറിയടക്കം സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. ഈ കോളജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കിയ 2016 അധ്യയന വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത് പിന്നീടു പിന്‍വലിച്ചതായി മനസിലാക്കുന്നു. തന്മൂലം സംസ്ഥാനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച 100 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുകയാണ്. സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 500 സീറ്റുകളുടെ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സില്‍ നിഷേധിച്ചതായി പത്രവാര്‍ത്തകളില്‍ നിന്നു മനസിലാക്കുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ 100 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ നടപടിമൂലം നഷ്ടമാവുന്നത് സംസ്ഥാനത്ത് പ്രവേശനപ്പരീക്ഷ എഴുതി പ്രവേശനം കാത്തുകഴിയുന്ന വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്ന നടപടിയാണെന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it