തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്; തെക്കന്‍ കേരളം തൂത്തുവാരുമെന്ന് എല്‍ഡിഎഫ്

എച്ച് സുധീര്‍

തിരുവനന്തപുരം: പോളിങ് ശതമാനം വര്‍ധിച്ചതോടെ തെക്കന്‍ കേരളത്തില്‍ വ്യക്തമായ ആധിപത്യം നേടുമെന്ന അവകാശവാദവുമായി മുന്നണികള്‍. വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 30 മണ്ഡലങ്ങളിലും കനത്ത മഴയെ അവഗണിച്ചും മികച്ച പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യകണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് 71.45 ശതമാനവും കൊല്ലത്ത് 74.67ഉം പത്തനംതിട്ടയില്‍ 71.37 ശതമാനവും പോളിങ് രേഖപ്പെടുത്തി.
അധികാരത്തിലെത്താന്‍ തെക്കന്‍ ജില്ലകളില്‍ പരമാവധി സീറ്റുകള്‍ നേടുകയെന്നത് എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണെന്നിരിക്കെ പോളിങ് ശതമാനം ഉയര്‍ന്നത് ഇരുകൂട്ടര്‍ക്കും പ്രതീക്ഷ നല്‍കുന്നു. മികച്ച വിജയം തേടി അധികാരത്തില്‍ തുടരുമെന്ന് യുഡിഎഫ് വിലയിരുത്തുമ്പോള്‍ സംസ്ഥാനത്ത് ഇടതുതരംഗം പ്രകടമായെന്നാണ് എല്‍ഡിഎഫ് നിലപാട്. കേരളരാഷ്ട്രീയം വഴിത്തിരിവിലാണെന്നും മികച്ച മുന്നേറ്റം നടത്തുമെന്നുമാണ് ബിജെപിയുടെ വാദം.
കഴിഞ്ഞതവണ യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിന് 17 സീറ്റുമാണ് തെക്കന്‍ കേരളത്തില്‍ ലഭിച്ചത്. തലസ്ഥാനത്ത് 14ല്‍ ഒമ്പത് യുഡിഎഫ് പിടിച്ചപ്പോള്‍ അഞ്ചിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ചെങ്കോട്ടയായ കൊല്ലത്ത് 11ല്‍ ഒമ്പതും എല്‍ഡിഎഫ് നേടി. പത്തനംതിട്ടയില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും സ്വാധീനമുറപ്പിച്ചു. കൊല്ലം ജില്ലയിലെ ആധിപത്യം ഇത്തവണ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആവര്‍ത്തിച്ച് തെക്കന്‍ കേരളം തൂത്തുവാരുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍, കൊല്ലത്ത് അത്രകണ്ട് ആത്മവിശ്വാസമില്ലാത്ത യുഡിഎഫ് പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് അമിതപ്രതീക്ഷ പുലര്‍ത്തുന്നത്.
തെക്കന്‍കേരളത്തില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഏറെയും ത്രികോണമല്‍സരങ്ങളായിരുന്നു. ഈ മണ്ഡലങ്ങളിലെല്ലാം വോട്ടിങ് നിലയിലും വര്‍ധനവുണ്ടായി. എന്‍ഡിഎ അമിതപ്രതീക്ഷ പുലര്‍ത്തുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളിലും മുന്നേറ്റം പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കോവളം, ആറന്മുള, റാന്നി, പത്തനാപുരം മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ വോട്ടുകള്‍ വര്‍ധിച്ചതിന്റെ അവകാശവാദവുമായി എന്‍ഡിഎ രംഗത്തുണ്ടെങ്കിലും ബിജെപിയുടെ വര്‍ഗീയ-കൊലപാതക രാഷ്ട്രീയത്തോട് ജനങ്ങള്‍ വിധിയെഴുതിയതാണ് വോട്ടിങ്‌നില ഉയരാന്‍ കാരണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും വാദിക്കുന്നത്.
അതേസമയം, എല്‍ഡിഎഫിന്റെ കോട്ടയായ കൊല്ലത്ത് വോട്ടിങ് വര്‍ധിച്ചു. പത്തനാപുരം, കുന്നത്തൂര്‍, ചവറ, ഇരവിപുരം, കുണ്ടറ, കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിലെല്ലാം പോളിങ് ഉയര്‍ന്നു. മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷയിലാണ്. റാന്നിയിലും തിരുവല്ലയിലും എല്‍ഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ആറന്മുളയിലും കോന്നിയിലുമാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍, റാന്നിയിലെ ബിഡിജെഎസ് സാന്നിധ്യം എല്‍ഡിഎഫിനെ അലട്ടുമ്പോള്‍ ആറന്മുളയിലെ ബിജെപി വോട്ടുകള്‍ യുഡിഎഫിന് വെല്ലുവിളിയാവും. കോന്നിയില്‍ യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നായര്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന ആശങ്കയും അവര്‍ക്കുണ്ട്. എന്നാല്‍, അടൂര്‍ പ്രകാശിനെതിരായ അഴിമതിയും ന്യൂനപക്ഷങ്ങളുടെ വോട്ടുകളിലും പ്രതീക്ഷയര്‍പ്പിക്കുകയാണ് എല്‍ഡിഎഫ്.
2011ല്‍ നിര്‍ണായക ശക്തിയായ എസ്ഡിപിഐ ഇത്തവണ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി തെക്കന്‍കേരളത്തിലെ 23 മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. വോട്ടുവര്‍ധനവില്‍ മുന്നേറ്റമുണ്ടാക്കുന്നതിനൊപ്പം ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എസ്ഡിപിഐ-എസ്പി സഖ്യം നിര്‍ണായകമാവുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
2011ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം പ്രകടമായ ആലപ്പുഴ ജില്ലയില്‍ ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞത് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട്. ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് പ്രതീക്ഷ. യുഡിഎഫിന്റെ ശക്തികേന്ദ്രമായ ചെങ്ങന്നൂര്‍ ഇത്തവണ ചതുഷ്‌കോണ മല്‍സരത്തിനാണ് വേദിയായത്. ഇവിടെ വോട്ടിങ് ശതമാനം കൂടിയത് മുന്നണികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കായംകുളം, അമ്പലപ്പുഴ, മാവേലിക്കര, കുട്ടനാട് മണ്ഡലങ്ങളില്‍ വോട്ടിങ് നിലയില്‍ കുറവുനേരിട്ടതും മുന്നണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അമ്പലപ്പുഴ, ആലപ്പുഴ, ഹരിപ്പാട്, അരൂര്‍ മണ്ഡലങ്ങളില്‍ മുന്നേറ്റമുണ്ടാക്കിയെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ-എസ്പി സഖ്യം.
Next Story

RELATED STORIES

Share it