kozhikode local

തിരുനെല്ലിയില്‍ മാവോവാദികളെത്തി: ലഘുലേഖ വിതരണം ചെയ്തു

കല്‍പ്പറ്റ: തിരുനെല്ലിയില്‍ സായുധരായ മാവോവാദികളെത്തി ലഘുലേഖവിതരണം ചെയ്തു; പോസ്റ്ററുകളും പതിച്ചു. പോലിസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് മാവോയിസ്റ്റ് നേതാവ് സാവിത്രിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ആയുധധാരികളായ സംഘം തിരുനെല്ലിയിലെത്തിയത്. തിരുനെല്ലിയിലെ അംബിക ലോഡ്ജിന് മുന്‍വശത്തായുള്ള റോഡില്‍ നിന്നും മുദ്രാവാക്യം വിളിച്ച മാവോയിസ്റ്റുകള്‍ സമീപത്തെ കച്ചവടക്കാരന് ലഘുലേഖ നല്‍കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
സപ്തംബര്‍ 13 രാഷ്ട്രീയ തടവുകാരുടെ ദിനം പ്രമാണിച്ച് യുഎപിഎ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ലഘുലേഖയും പോസ്റ്ററും. പച്ച നിറത്തിലുള്ള യൂനിഫോം ധരിച്ച് യന്ത്രത്തോക്കുകളും കൈവശം വച്ച് മാവോയിസ്റ്റ് സംഘാംഗങ്ങളായ വനിതയടക്കം അഞ്ച്‌പേരാണ് തിരുനെല്ലിയിലെത്തിയതെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് സംഘം എത്തിയത്. തുടര്‍ന്ന് യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് അംബിക ലോഡ്ജിന് സമീപം കച്ചവടം നടത്തുന്ന രാജേന്ദ്രന് നല്‍കി.
പാവങ്ങള്‍ക്കുവേണ്ടി ന്യായയുക്തമായ പോരാട്ടങ്ങള്‍ നടത്തുന്ന പുരോഗമന ജനാധിപത്യ വക്താക്കളെ യുഎപിഎ ചുമത്തി ഭരണകൂടം രാഷ്ട്രീയ തടവുകാരാക്കുകയാണ്. രാഷ്ട്രീയ തടവുകാരുടെ ദിനമായ സെപ്തംബര്‍ 13ന് എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും എഴുതി തയ്യാറാക്കിയ ലഘുലേഖയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തലപ്പുഴ മക്കിമലയിലെത്തിയ അതേ സംഘമാണ് തിരുനെല്ലിയിലെത്തിയതെന്ന് പോലിസ് വ്യക്തമാക്കി. നിയമം മൂലം നിരോധിച്ച തീവ്രവാദി സംഘടനയായ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചതിനും, രാജ്യദ്രോഹപരമായ പോസ്റ്ററുകള്‍ പതിച്ചതിനും, ആയുധങ്ങളുമായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചതിനുമെതിരെ തിരുനെല്ലി പോലിസ്‌ക്രൈം നമ്പര്‍ 312/18 പ്രകാരം യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it