malappuram local

തിരമുണ്ടി ദേശാടനപ്പക്ഷി പൊന്നാനി തീരത്തെത്തി

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: കേരളത്തില്‍ അപൂര്‍വമായി കാണുന്ന ദേശാടകരില്‍പ്പെട്ട തിരമുണ്ടിയെ ഇത്തവണ പൊന്നാനി കടല്‍തീരത്ത്  കണ്ടെത്തിയതായി പക്ഷിനിരീക്ഷകര്‍. കൊക്കിന്റെ വര്‍ഗത്തില്‍പ്പെടുന്ന ഈ ദേശാടകന്‍ കണ്ടല്‍ക്കാടുകളിലും കായലോരങ്ങളിലും  കാണപ്പെടാറുണ്ട്.കടലോരങ്ങളിലും അഴിമുഖങ്ങളിലും സ്ഥിരമായെത്തുന്ന കൊറ്റിവര്‍ഗത്തില്‍പ്പെട്ട ഈ  ദേശാടകന്‍  കേരളത്തില്‍  എണ്ണത്തില്‍ കുറവായാണ് കാണപ്പെടാറ്.  ഈ കൂട്ടത്തില്‍പ്പെട്ട മറ്റു പക്ഷികളെല്ലാംതന്നെ ഇവിടെ സ്ഥിരതാമസക്കാരാണ്. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലങ്ങളിലാണ് കൂടുതലായും തിരമുണ്ടി കേരളത്തില്‍ ദേശാടകരായി എത്തുന്നത്.   കാപ്പാട് ബീച്ച്, കടലുണ്ടി അഴിമുഖം, ഗാന്ധി റോഡ് ബീച്ച്, പുതിയാപ്പ ഹാര്‍ബര്‍ തുടങ്ങി  ഒട്ടുമിക്ക കടലോരങ്ങളിലും അഴിമുഖങ്ങളിലുമെല്ലാം ഇവയെ കാണാറുണ്ടന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. ഗുജറാത്ത്, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങി പേര്‍ഷ്യന്‍ ഗള്‍ഫ്, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് തിരമുണ്ടി കേരളത്തിലെത്തുന്നത്. കേരളത്തില്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഈ ദേശാടകന്‍  ഗുജറാത്തില്‍ പ്രജനനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.   ആകൃതിയിലും വലുപ്പത്തിലും ഇവിടെ സ്ഥിരതാമസക്കാരായ ചിന്നമുണ്ടിയോട് വളരെയധികംസാമ്യമുള്ള തിരമുണ്ടിയെ രണ്ട് വ്യത്യസ്തനിറങ്ങളില്‍  കാണാറുണ്ട്. ഇരുണ്ട ചാരനിറത്തോടു കൂടിയവയും വെള്ളനിറത്തോടു കൂടിയവയും. ഇരുണ്ട ചാരനിറക്കാരായ പക്ഷികളെ എളുപ്പം തിരിച്ചറിയാം. ഇവയുടെ താടിയും തൊണ്ടയും വെള്ളനിറമായിരിക്കും. വെള്ളനിറക്കാരായ പക്ഷികള്‍ക്ക് ചിന്നമുണ്ടികളോടാണ് സാമ്യം. കൊക്കു നോക്കിയാണ് ഇവയെ തിരിച്ചറിയുക .   അല്‍പം വളഞ്ഞ് മങ്ങിയനിറത്തോടു കൂടിയതാണ് ഇവയുടെ കൊക്കുകള്‍. ആണ്‍പക്ഷികളും പെണ്‍പക്ഷികളും കാഴ്ചയില്‍ ഒരേപോലെയാണ്. അഴിമുഖങ്ങളിലും കടലോരങ്ങളിലുമുള്ള ചെറുമല്‍സ്യങ്ങളാണ് ഇവര്‍ക്ക് ഇഷ്ടഭക്ഷണം.  പതഞ്ഞുപൊങ്ങുന്ന തിരകളില്‍നിന്നുകൊണ്ട് ചെറുമീനുകളെ കൊത്തിയെടുക്കാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.  പ്രജനനകാലത്ത് ഇവ മൂന്നോ നാലോ മുട്ടകളിടാറുണ്ട് .മുട്ടകള്‍ക്ക് ഇളം നീലയോ പച്ചയോ നീലകലര്‍ന്ന പച്ചയോ നിറമായിരിക്കും .ഇവ കേരളത്തില്‍ കൂടു കെട്ടുന്നതായോ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നതായോ കണ്ടെത്തിയിട്ടില്ലെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.പ്രജനനകാലമൊഴികെ ബാക്കി എല്ലാക്കാലങ്ങളിലും തിരമുണ്ടികള്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുക .കേരളത്തിലെത്തുന്ന തിരമുണ്ടിയുടെ എണ്ണം കുറവായതിനാല്‍ പക്ഷി നിരീക്ഷകര്‍ ഏറെ കൗതുകത്തോടെയാണ് ഇവരെ വരവേല്‍ക്കുന്നത്.
Next Story

RELATED STORIES

Share it