Idukki local

തിരഞ്ഞെടുപ്പ്; സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെത്തി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 203 അംഗ കേന്ദ്രസേനയെത്തി.അതിര്‍ത്തി രക്ഷസേനയുടെ പ്രത്യേക വിഭാഗമായ ബിമ സുരക്ഷ സെല്‍ വിഭാഗമാണ് ജില്ലയിലെത്തിയിരിക്കുന്നത്.മൂന്നാര്‍ എആര്‍ ക്യാംപില്‍ 102 പേരും,ഇടുക്കി എആര്‍ ക്യാംപില്‍ 101 പേരുമാണ് എത്തിയിരിക്കുന്നത്. മൂന്നാറില്‍ അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ 60 കേന്ദ്ര സേനാംഗങ്ങള്‍ പങ്കെടുത്ത റൂട്ട് മാര്‍ച്ച് നടന്നു. മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജ് മുതല്‍ നല്ലതണ്ണി ജങ്ഷന്‍ വരെയാണ് റൂട്ട് മാര്‍ച്ച് നടന്നത്. റൂട്ട് മാര്‍ച്ചില്‍ കേന്ദ്ര സേന ഓഫിസര്‍ ഇന്‍ കമാണ്ടര്‍ എസ് എന്‍ ബര്‍മന്‍ പങ്കെടുത്തു.
മൂന്നാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ബിജു വി നായരുടെ നേതൃത്വത്തില്‍ ലോക്കല്‍ പോലിസ് റൂട്ട് മാര്‍ച്ചിന് അകമ്പടി സേവിച്ചു. കട്ടപ്പന ടൗണില്‍ ഡിവൈഎസ്പി പി കെ ജഗദീഷിന്റെയും അസിസ്റ്റന്റ് കമാണ്ടന്റ് ജെ എസ് ഷഖാവത്തിന്റെയും നേതൃത്വത്തില്‍ കട്ടപ്പന ടൗണ്‍ ഹാള്‍ മുതല്‍ സെന്റ് ജോര്‍ജ് ചര്‍ച്ച് മൈതാനം വരെ റൂട്ട് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ 90 കേന്ദ്ര സേനാംഗങ്ങളും 30 ലോക്കല്‍ പോലിസ് അംഗങ്ങളും പങ്കെടുത്തു.
കട്ടപ്പന പോലിസ് ഇന്‍സ്‌പെക്ടര്‍ ബി ഹരികുമാറിന്റെ നേതൃത്വത്തിലാണ് ലോക്കല്‍ പോലീസ് അകമ്പടി സേവിച്ചത്.ജില്ലയുടെ എല്ലാ മേഖലകളില്‍ പെട്ടെന്ന കടന്ന് ചെല്ലാവുന്ന രീതിയിലുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം കേന്ദ്ര സേനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 123 പ്രശ്‌ന ബാധിത ബുത്തുകളെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ട്. ഈ മേഖലകളിലെ രാഷ്ട്രീയക്കാരുടെ പ്രവ്രര്‍ത്തനം സ്‌പെഷല്‍ ബ്രാഞ്ച് പ്രത്യേക സംഘം നീരീക്ഷിക്കുകയാണ്.തൊടുപുഴ, ഇടുക്കി,ദേവികുളം,പീരുമേട്,ഉടുമ്പന്‍ചോല നിയോജകമണ്ഡലങ്ങളില്‍ നടന്ന പരിശോധനയിലാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ കണക്കെടുത്തത്.
സമീപ കാലങ്ങളില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കഴിഞ്ഞ നിയമസഭ ഇലക്ഷനില്‍ നടന്ന അക്രമം ഇതിനെ അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ ബ്രാഞ്ച് കണക്കെടുപ്പ് നടത്തിയത്.അതീവ ജാഗ്രത പുലര്‍ത്തേണ്ട 18 ബൂത്തുകള്‍ ജില്ലയിലുള്ളതായി സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ടില്‍ പറയുന്നു.തിരഞ്ഞെടുപ്പില്‍ പ്രത്യേക സാഹചര്യമുണ്ടായാല്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും.ജില്ലയിലെ എല്ലാ മേഖലകളും പോലിസും സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗങ്ങളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it