Flash News

തിയേറ്റര്‍ വിഹിത തര്‍ക്കം : ചര്‍ച്ച പരാജയം



കൊച്ചി:തിയേറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. നിര്‍മാതാക്കളും വിതരണക്കാരും നിലപാടില്‍ ഉറച്ചുനിന്നതോടെ വിഷയത്തില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ വ്യക്തമാക്കി. തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്നുണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ സംസ്ഥാനത്തെ ഒരുവിഭാഗം മള്‍ട്ടിപ്ലക്‌സുകള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഈ മാസം 21 മുതല്‍ സിനിമകള്‍ പിന്‍വലിച്ചത്.  ചിത്രം റിലീസ് ചെയ്യുമ്പോള്‍ ആദ്യ ആഴ്ചയില്‍ ലഭിക്കുന്ന കലക്ഷന്റെ 60 ശതമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ലഭിക്കണമെന്നതായിരുന്നു തിയേറ്റര്‍ ഉടമകളുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍. തുടര്‍ന്ന് രണ്ടാമത്തെ ആഴ്ചയില്‍ കലക്ഷന്റെ 55 ശതമാനവും മൂന്നാമത്തെ ആഴ്ചയില്‍ 45 ശതമാനവും നാലാമത്തെ ആഴ്ചയില്‍ 40 ശതമാനവും ലഭിക്കണം.സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകള്‍ ഈ കരാര്‍ പാലിക്കുന്നുണ്ടെങ്കിലും മള്‍ട്ടിപ്ലക്‌സുകള്‍ ഇത് പാലിക്കാന്‍ തയ്യാറാവുന്നില്ല. ഇതുസംബന്ധിച്ച് പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്നാണ് സിനിമകള്‍ പിന്‍വലിച്ചത്. 37 മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നാണ് സിനിമ പിന്‍വലിച്ചത്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, സെക്രട്ടറി എം രഞ്ജിത്, വിബികെ മേനോന്‍ എന്നിവരും മള്‍ട്ടിപ്ലക്‌സ് ഉടമകളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it