thrissur local

താലൂക്ക് വികസനസമിതി യോഗങ്ങളില്‍ പങ്കാളിത്തം കുറയുന്നു

ചാവക്കാട്: ക്രിയാത്മകമായ ചര്‍ച്ചകളും നടപടികളും ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച താലൂക്ക് വികസനസമിതി യോഗങ്ങളില്‍ പങ്കാളിത്തം കുറയുന്നു.
താലൂക്കിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിമുഖത കാട്ടുന്നതിനെതിരെ വ്യാപകമായി പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയാത്ത, പേരിനുവേണ്ടി നടത്തുന്ന ഇത്തരം യോഗങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും സജീവമായി.
താലൂക്കിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണു വികസന സമിതി യോഗം ചേരുന്നത്. എംഎല്‍എ, തഹസില്‍ദാര്‍, തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗങ്ങളില്‍ പങ്കെടുക്കണം. യോഗം ചേരുന്നതു സംബന്ധിച്ച അറിയിപ്പ് താലൂക്ക് ഓഫിസില്‍ നിന്നാണു നല്‍കുന്നത്.
താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണു പതിവായി യോഗം ചേരുന്നത്. പൊതുജനങ്ങളുടെ പരാതികളും ഓഫിസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമുള്ള വേദിയാണു വികസന സമിതി യോഗങ്ങള്‍. എന്നാല്‍, ഇത്തരം യോഗങ്ങളോടു മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണു പല ഓഫിസുകളിലെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ചില ജനപ്രതിനിധികളും തുടര്‍ച്ചയായി യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നതായി പരാതിയുണ്ട്. പോലിസ്, എക്‌സൈസ്, അഗ്‌നിശമനവിഭാഗം, കൃഷിവകുപ്പ്, ജലഗതാഗതം, കെഎസ്ആര്‍ടിസി, സപ്ലൈ ഓഫിസ്, പിഡബ്ല്യുഡി, ജല അതോറിറ്റി, നഗരസഭ, ജനറല്‍ ആശുപത്രി തുടങ്ങിയ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തിനെത്തണമെന്ന് അറിയിപ്പു നല്‍കാറുണ്ടെങ്കിലും കൃത്യമായി എത്തുന്നവരുടെ കണക്കെടുത്താല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങും. മുന്‍ യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കിയശേഷം അടുത്ത യോഗത്തില്‍ എത്തണമെന്ന നിര്‍ദേശവും പാലിക്കപ്പെടാറില്ല.
അസി.എന്‍ജിനീയര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ പ്രതിനിധികളായി മറ്റു ജീവനക്കാരെ അയയ്ക്കുകയും ബന്ധപ്പെട്ട വകുപ്പിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നതും പതിവാണ്. ചായ കുടിച്ചു പോകുന്ന രീതിയിലേക്കു വികസന സമിതി യോഗങ്ങള്‍ മാറുന്നതായി എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും ഇതിനു പരിഹാരം കാണുന്നതിനോ തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിനോ തയാറാകാത്തതു വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it