thrissur local

താലൂക്ക് ഉദ്ഘാടനം നാളെ; ജില്ലയിലെ ആദ്യ ഇ -- ഓഫിസ്

കുന്നംകുളം: ജനതയുടെ താലൂക്ക് എന്ന ചിരകാല സ്വപ്‌നം മാര്‍ച്ച് 31ന് പൂവണിയുന്നു.പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ യഥാര്‍ത്ഥ്യമാകുന്ന താലൂക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് മന്ത്രി എ സി മൊയ്തിന്‍ അറിയിച്ചു.
താല്‍ക്കാലികമായ സജ്ജീകരണത്തോടെ മിനി സിവില്‍ സ്‌റ്റേഷനിലാണ് താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുക. ജില്ലയിലെ ആദ്യ ഇ-ഓഫിസ് ആയിരിക്കും കുന്നംകുളം താലൂക്ക്. അനുയോജ്യമായ സ്ഥലം കണ്ടെത്തി താലൂക്ക് ആസ്ഥാനമന്ദിരം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ യഥാര്‍ത്ഥ്യമാക്കും.ഇതിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. താലൂക്കിന്റെ അനുബന്ധ ഓഫിസുകളായ മോട്ടോര്‍ വാഹന വകുപ്പ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ്, സിവില്‍ സപ്ലൈസ് ഓഫീസ്, വ്യവസായ വകുപ്പ് ഓഫീസ് തുടങ്ങിയ ഓഫീസുകള്‍ പുതിയ ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ താലൂക്കില്‍ 55 ജീവനക്കാരെ നിശ്ചയിച്ചു കഴിഞ്ഞു.
തഹസില്‍ദാര്‍ ഉള്‍പ്പെടെ 25ലേറെ ജീവനക്കാര്‍ ചുമതലയേറ്റു. ഓഫിസിലേക്കുള്ള ഫര്‍ണിച്ചര്‍ കലക്ട്രേറ്റില്‍ നിന്നും പഴയത് കൊണ്ട് വന്ന് നവീകരിച്ച് ഉപയോഗിക്കുന്നതിനൊപ്പം റബ്‌കോയില്‍ നിന്നും വാങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നാടിന്റെ ഉത്സവമായാണ് താലുക്ക് ഉദ്ഘാടനത്തെ ജനങ്ങള്‍ വരവേറ്റിരിക്കുന്നത്. ദീപകാഴച്ച ഒരുക്കിയും വര്‍ണ്ണാഭമായ ഘോഷയാത്ര നടത്തിയും താലൂക്കിനെ ജനങ്ങള്‍ നെഞ്ചേറ്റിയിരിക്കുകയാണ്.
31ന് നഗരസഭയിലും പഞ്ചായത്തുകളിലും പായസവിതരണം നടക്കും.നഗരസഭയുടെ നിര്‍ദ്ദിഷ്ട ബസ് സ്റ്റാന്റ് പരിസരത്ത് സജ്ജമാക്കുന്ന വേദിയില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ താലൂക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. എംപിമാരായ ഡോ: പി കെ ബിജു, സി എന്‍ ജയദേവന്‍, ഇന്നസെന്റ്, ജില്ലയിയിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയസാംസ്‌ക്കാരിക  സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന 29 വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ കുന്നംകുളം താലൂക്ക്. കുന്നംകുളത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ സി മൊയ്തീന്‍, നഗരസഭ ചെയര്‍മാന്‍ സീതാ രവീന്ദ്രന്‍, തഹസില്‍ദാര്‍ ടി ബ്രീജാ കുമാരി, മന്ത്രിയുടെ പ്രതിനിധി ടി കെ വാസു എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it