World

താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: യുഎസ്‌

കാബൂള്‍: അഫ്ഗാനിസ്താനില്‍ 17 വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നു യുഎസ്. അഫ്ഗാനിലെ നാറ്റോ ദൗത്യസേനാ മേധാവി ജനറല്‍ ജോണ്‍ നിക്കോള്‍സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈദ് ആഘോഷത്തോടനുബന്ധിച്ചുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച ശേഷം അഫ്ഗാന്‍ സൈനികര്‍ക്കെതിരേ താലിബാന്‍ ശക്തമായ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് യുഎസ് സമാധാന ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്.
താലിബാനുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും രാജ്യത്തെ വിദേശ സൈന്യത്തിന്റെ സാന്നിധ്യം ചര്‍ച്ചചെയ്യുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചതായി നിക്കോല്‍സനെ ഉദ്ധരിച്ച്  അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഈ നീക്കം തലിബാന്‍ തിരിച്ചറിയുമെന്നും ഇത് സമാധാന ശ്രമത്തിലേക്ക് നയിക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസിന്റെ പുതിയ നീക്കത്തെ താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹിന്‍ സ്വാഗതം ചെയ്തു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു നിക്കോള്‍സണില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാനായി കാത്തിരിക്കുകയാണ്്. അഫ്ഗാനിലെ വിദേശ സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് യുഎസുമായി നേരിട്ടുള്ള സംഭാഷണത്തിനായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ഷാഹിന്‍ പറഞ്ഞു. നേരത്തേ അഫ്ഗാന്‍ പ്രസിഡന്റ്് അഷ്‌റഫ് ഗനി താലിബാനെ നിരുപാധിക ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും അവര്‍ അംഗീകരിച്ചിരുന്നില്ല.
അതേസമയം, താലിബാന്‍ ജയിലില്‍ നിന്നു സുരക്ഷാ ഉദ്യോഗസ്ഥരടക്കം 54 തടവുകാരെ മോചിപ്പിച്ചു. ഹെല്‍മന്ദ് പ്രവിശ്യയിലെ ജയിലില്‍ കഴിയുന്ന തടവുകാരെയാണ് മോചിപ്പിച്ചത്.
മുസാ ഖലയിലെ ജയിലില്‍ റെയ്ഡ് നടത്തിയ സൈന്യമാണ് ഇവരെ മോചിപ്പിച്ചതെന്നും പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഉമര്‍ സ്വാക് അറിയിച്ചു.
Next Story

RELATED STORIES

Share it