kozhikode local

താമരശ്ശേരി ചുരത്തില്‍ ബസ് കുടുങ്ങി ആറു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു



താമരശ്ശേരി: വയനാടന്‍ ചുരത്തില്‍ ബസ് കുടുങ്ങി ആറ് മണിക്കൂറിലധികം ഗതാഗത തടസ്സം .ചുരം ഏഴാം വളവിലാണ് കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസ് കുടുങ്ങിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ഏഴാം വളവിലെ കുഴിയില്‍ ബസ് ചാടിയത്. പുലര്‍ച്ചെ ഇവിടെ കാര്‍ കത്തിയിരുന്നു. ഇതോടെ ഈ വളവില്‍ ബസ് കൊണ്ടുപോവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബസ് കുഴിയില്‍ കുടുങ്ങുകയായിരുന്നു. ഇവിടെ നിന്നും ഒരു നിലക്കും പുറത്തേക്ക് മാറ്റാന്‍ സാധിച്ചില്ല. റോഡില്‍ വിലങ്ങനെ നിന്നതോടെ ചുരത്തില്‍ ഇരുപുറങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു വാഹനങ്ങള്‍ കുടുങ്ങി. സംഭവമറിഞ്ഞു ചുരം സംരക്ഷണസമിതിയും പോലിസും എത്തി വണ്‍വേ ആയി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ ഗതാഗതം പുനസ്ഥാപിക്കാനായി. ഒരുമാസത്തിനിടയില്‍ ഇവിടെമാത്രം ഒമ്പത് വാഹനങ്ങളാണ് കുടുങ്ങിയത്. ഇവയെല്ലാം തന്നെ ഗതാഗത തടസ്സത്തിനു കാരണമാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഇവിടെ ലോറി കുടുങ്ങിയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. 30കോടിയിലധികം രൂപ ചിലവഴിച്ചു രണ്ടുവര്‍ഷം മുമ്പാണ് നെല്ലാംകണ്ടി മുതല്‍ ചുരം ലക്കിടി വരെ റോഡ് പുനരുദ്ധാരണം നടത്തിയത്. അന്നേ റോഡ്പണിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ നിസ്സംഗത പാലിക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ചുരം റോഡ് നവീകരണത്തിനു 86 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലെ കരാറുകാര്‍ക്ക് തന്നെ ഈ പണി നടത്താന്‍ ഏല്‍പ്പിക്കരുതെന്ന് പ്രദേശവാസികളും വാഹന ഉടമകളും ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it