Second edit

താമരയില



താമരയിലയില്‍ വെള്ളം വീണാല്‍ അത് ഉരുണ്ടുകൂടുകയും തുള്ളികളായി ഇലയിലെ പൊടിയോടൊപ്പം താഴോട്ടു വീഴുകയും ചെയ്യുന്നു. ഇതുമൂലം താമരച്ചെടി എപ്പോഴും വൃത്തിയായിരിക്കും. വെള്ളത്തിലാണ് എന്നതിനാല്‍ ഇലകള്‍ ചീഞ്ഞുപോവുന്നുമില്ല. എന്തുകൊണ്ട് ഇങ്ങനെയെന്ന് സസ്യശാസ്ത്രജ്ഞര്‍ നേരത്തേ കണ്ടുപിടിച്ചിട്ടുണ്ട്. ഇലകള്‍ ഉല്‍പാദിപ്പിക്കുന്ന മെഴുകു തന്മാത്രകളാണ് ആ പ്രതിഭാസത്തിനു കാരണം. മറ്റു പല ചെടികള്‍ക്കും ഈ ഗുണം കാണുന്നുണ്ട്. അവ മഴയെ അതിജീവിക്കുന്നത് അങ്ങനെയാണ്. താമരയിലകളെ അനുകരിച്ചുകൊണ്ട് ജലപ്രതിരോധശേഷിയുള്ള ചില രാസപദാര്‍ഥങ്ങള്‍ സാങ്കേതിക വിദഗ്ധന്മാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവയ്ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാണ്. വായുവിലുള്ള പലതരം വസ്തുക്കള്‍ വന്നുവീഴുന്നതിനാല്‍ ജലപ്രതിരോധശേഷിയുള്ള പാളി ഉരസല്‍ കാരണം പെട്ടെന്ന് കേടുവരുന്നു. താമരയിലകളെപ്പോലെ മെഴുകു തന്മാത്രകള്‍ കൃത്രിമമായി ഉല്‍പാദിപ്പിക്കാനാവട്ടെ, ഇവയ്ക്കു കഴിയുന്നുമില്ല. എന്നാല്‍, ജലത്തെ തടഞ്ഞുനിര്‍ത്തുകയും സ്വയം വൃത്തിയാവുകയും ചെയ്യുന്ന ഒരു പദാര്‍ഥത്തിന്റെ കമ്പോളമൂല്യം എത്ര വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജര്‍മനിയിലെ ഫ്രീബര്‍ഗ് സര്‍വകലാശാലയിലെ സാങ്കേതികവിദഗ്ധന്മാര്‍ ഇതിനൊരു പരിഹാരം കണ്ടുപിടിച്ചിരിക്കുകയാണ്. ഉരസല്‍മൂലം ഉണ്ടാവുന്ന ശേഷിക്കുറവ് പല പാളികളുള്ള സിലിക്കോണ്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്നാണ് അവര്‍ തെളിയിക്കുന്നത്. ഒരു പാളി തേഞ്ഞുപോവുമ്പോള്‍ മറ്റൊരു പാളി വെള്ളത്തെ തടഞ്ഞുനിര്‍ത്തുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഇതു നിര്‍മിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ സര്‍വകലാശാല ആലോചിക്കുന്നത്. എന്തായാലും അതിന്റെ വിപണനമൂല്യം വളരെ വലുതാണെന്ന് പറയേണ്ടതില്ലല്ലോ.
Next Story

RELATED STORIES

Share it