wayanad local

തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന്



കല്‍പ്പറ്റ: കെഎസ്ഇബിയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം തള്ളിക്കളയുന്നതിനു പകരം ഈ നിര്‍ദേശത്തിന്റെ മറവില്‍ ഒഴിവുള്ള തസ്തികളില്‍ പോലും നിയമനം നടത്താതെ ബോര്‍ഡും സര്‍ക്കാരും ഒത്തുകളിക്കുകയാണ്.ഇതിന്റെ ഭാഗമായാണ് കെഎസ്ഇബിയില്‍ 5000ത്തോളം ജീവനക്കാര്‍ അധികമാണെന്നു വൈദ്യുതി മന്ത്രി നിയമസഭയില്‍ പറഞ്ഞത്. പൊതുസ്ഥലമാറ്റത്തില്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാവുന്ന തസ്തികകള്‍ പലതും ഇത്തരത്തില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായി അപ്രത്യക്ഷമാക്കിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് അര്‍ഹതയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാനാവാത്ത നിരവധി പരാതികള്‍ ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ സ്ഥലംമാറ്റം അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മൂന്നുതവണ നീട്ടുകയുണ്ടായി. ഏപ്രില്‍ 30ന് മുമ്പ് സ്ഥലമാറ്റ ഉത്തരവിറക്കുമെന്ന വാഗ്ദാനം അധികൃതര്‍ പാലിച്ചില്ല. ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിന്റെ ഭാഗമായി തസ്തികകള്‍ വെട്ടിക്കുറച്ചത് പിന്‍വലിക്കാമെന്നു മാനേജ്‌മെന്റ് സമ്മതിച്ചെങ്കിലും ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശത്തിന്റെ മറവില്‍ ബോര്‍ഡിലെ അവശ്യ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും ഒഴിവുകള്‍ നികത്താതിരിക്കാനുമുള്ള അധികൃതരുടെ നിലപാടില്‍ പ്രതിഷേധിക്കുന്നതായും അന്യായമായ അധ്വാന ഭാരം അടിച്ചേല്‍പ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ എം ജംഹര്‍, ബേബി പ്രശാന്ത്, എല്‍ദോ കെ ഫിലിപ്പ്, കെ യു ജോര്‍ജ്, എ കെ സുനില്‍, പി ജി രമേശന്‍, ജസ്‌ലിന്‍ കുര്യാക്കോസ്, ഇ ആര്‍ വിജയന്‍, എം എം ബോബിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it