Flash News

തല്ലിക്കൊല ശിക്ഷാവിധി തടഞ്ഞ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം: പോപുലര്‍ ഫ്രണ്ട്

ബംഗളൂരു: ജാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ അന്‍സാരിയെ തല്ലിക്കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട 12 പ്രതികളില്‍ 11 പേര്‍ക്കും ജാമ്യം അനുവദിക്കുകയും വിധി തടഞ്ഞുവയ്ക്കുകയും ചെയ്ത ജാര്‍ഖണ്ഡ് ഹൈക്കോടതി വിധിയില്‍ ബംഗളൂരുവില്‍ ചേര്‍ന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ നിര്‍വാഹക സമിതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഗോവധത്തിന്റെ പേരില്‍ രാജ്യത്ത് മുപ്പതോളം പേര്‍ തല്ലിക്കൊലയ്ക്ക് ഇരയായിട്ടുണ്ട്. ഇവയില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ കേസാണിത്. രാജ്യത്തിനു നീതിയില്‍ പ്രതീക്ഷയും ഇരകളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവും നല്‍കിയ വിധിയായിരുന്നു ഇത്.  ന്യൂനപക്ഷത്തിന്റെയും കാലിക്കച്ചവടക്കാരുടെയും ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്ന മതഭ്രാന്തന്മാരായ ജനക്കൂട്ടത്തിന് വ്യക്തമായ മുന്നറിയിപ്പ് കൂടിയായിരുന്നു കുറ്റവാളികള്‍ക്കുള്ള ശിക്ഷ.
കുറ്റവാളികള്‍ക്ക് ജാമ്യം അനുവദിക്കാനുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ തീരുമാനം പശുഭീകരതയെയും ആള്‍ക്കൂട്ട ആക്രമണങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതാണ്. അതേസമയം, ജാമ്യത്തിലിറങ്ങിയ കുറ്റവാളികള്‍ക്ക് സ്വീകരണം നല്‍കിയ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നടപടിയെ യോഗം അപലപിച്ചു.
സംഘപരിവാര പിന്തുണയോടെ ഗോരക്ഷക  സംഘങ്ങളും ബിജെപിയുടെ നേതാക്കളും ഇത്തരത്തിലുള്ള ധാരാളം കേസുകളില്‍ ഉള്‍പ്പെടുന്നു എന്നതും ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണ്. നിരപരാധിയായ ഒരു മുസ്‌ലിമിനെ കൊന്ന ക്രിമിനലുകളായ കുറ്റവാളികളെ കേന്ദ്രമന്ത്രി ആദരിക്കുക വഴി മനുഷ്യത്വവിരുദ്ധമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുക മാത്രമല്ല, കുറ്റവാളികള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്.
Next Story

RELATED STORIES

Share it