kozhikode local

തലാസീമിയ രോഗികള്‍ പനിച്ച് വിറയ്ക്കുന്നു

സ്വന്തം  പ്രതിനിധി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലൂക്കോസൈറ്റ് ഫില്‍റ്റര്‍ സെറ്റ് ഉപയോഗിച്ച് രക്തം നല്‍കാത്തത് മൂലം ഗുരുതരമായ പാര്‍ശ്വഫലങ്ങളുമായി തലാസീമിയ രോഗികള്‍ . 18 വയസ്സിന് മുകളിലുള്ള രോഗികളാണ് ഇങ്ങനെ ദുരിതം അനുഭവിക്കുന്നത്. കടുത്ത പനി, വിറയല്‍, ശ്വാസംമുട്ട്, ഛര്‍ദ്ദി, ശരീര വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് രോഗികള്‍ ഓരോ തവണ രക്തം സ്വീകരിക്കുമ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ ഇത് മരണകാരണമാവാനും ഇടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ തവണ രക്തം സ്വീകരിച്ച രോഗികളിലാണ് പാര്‍ശ്വഫലം കൂടുതലായി കാണുന്നത്. 1100 രൂപ വിലയുള്ള ഫില്‍ട്ടര്‍ സെറ്റ് വാങ്ങിക്കാന്‍ പാവപ്പെട്ട രോഗികള്‍ക്ക് കഴിയുന്നില്ല. സെറ്റ് വാങ്ങിച്ച് നല്‍കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. രോഗികളും രക്ഷിതാക്കളും നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്‌തെങ്കിലും അധികൃതര്‍ കനിയുകയുണ്ടായില്ല. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രോഗികള്‍ക്ക് ഫില്‍ട്ടര്‍ സെറ്റ് നല്‍കണമെന്ന ആവശ്യവും ആരോഗ്യ വകുപ്പ് നിഷേധിക്കയാണുണ്ടായത്. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്‍ ധനകാര്യ മന്ത്രി പലവട്ടം പ്രഖ്യാപിച്ചിരുന്നെങ്കിലും ധനകാര്യവകുപ്പ് അനുകൂലമായ യാതൊരു നടപടിയും എടുക്കയുണ്ടായില്ല. രക്തം നല്‍കുമ്പോള്‍ അതീവ ഗുരുതരമായ റിയാക്്ഷന്‍ ഉള്ളത് കാരണം രോഗികള്‍ രണ്ട് യൂനിറ്റ് രക്തം വേണ്ടിടത്ത് ഒരു യൂനിറ്റ് മാത്രം രക്തം സ്വീകരിച്ച് പോകുകയാണ് ചെയ്യുന്നത്. ഇത് അവരുടെ ആരോഗ്യത്തെയും ആയുസ്സിനേയും സാരമായി ബാധിക്കും. എന്നാല്‍ അവര്‍ക്ക് മുമ്പില്‍ മറ്റ് പോംവഴികളില്ല. അല്‍ത്താഫ് (തലശ്ശേരി) ഹബീബുറഹ്്മാന്‍ (പന്നിക്കോട്ടൂര്‍), അനസ് (ചക്കുംകടവ്), ലിസാ മറിയം (കണ്ണഞ്ചേരി) തുടങ്ങിയ കുട്ടികള്‍ക്കാണ് ഗുരുതരമായ റിയാക്്ഷന്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗികള്‍ക്ക് ജീവന്‍ രക്ഷാമരുന്നും ഫില്‍ട്ടര്‍ സെറ്റും നല്‍കാന്‍ നടപടിയെടുക്കുന്നതിന് തലാസീമിയ രോഗികളെ കാരുണ്യ ഫണ്ടിന്റെ സഹായ പദ്ധതിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ പൊതു സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായ അദാലത്തിലേക്ക് പരാതി നല്‍കിയതായി ബിപിപിഒ ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി അറിയിച്ചു.
Next Story

RELATED STORIES

Share it