Flash News

തലസ്ഥാനത്തു സമരവേലിയേറ്റം



തിരുവനന്തപുരം: സോളാര്‍ അന്വേഷണ റിപോര്‍ട്ടില്‍ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് ജനപ്രതിനിധികള്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചു. സോളാര്‍ റിപോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു സിപിഎം മാര്‍ച്ച്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നു നടന്ന യോഗത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിച്ചു. സോളാര്‍ കേസില്‍ പ്രതികളായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ മുഴുവന്‍ ജനപ്രതിനിധികളും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന് മുമ്പില്‍ പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു. കുറ്റാരോപിതരായവര്‍ രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തി രാജി വച്ച് ജനവിധി തേടണം. ജനങ്ങളുടെ കോടതിയില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, ജില്ലാ സെക്രട്ടറി അശ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുസ്സലാം, ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, ശിഹാബുദ്ദീന്‍ മന്നാനി, ഇര്‍ഷാദ് കന്യാകുളങ്ങര, ഖജാഞ്ചി സിദ്ദീഖ് സംസാരിച്ചു. സോളാര്‍ കേസിലെ മുഴുവന്‍ പ്രതികള്‍ക്കെതിരേയും നിയമനടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ജെ ആര്‍ അനുരാജ്, ജില്ലാ സെക്രട്ടറി ഉണ്ണിക്കണ്ണന്‍ എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. അതേസമയം, സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ രാഷ്ട്രീയപ്രേരിതമായി തിരുത്തലുകള്‍ വരുത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ റിപോര്‍ട്ടിന്റെ പകര്‍പ്പു കത്തിച്ചു. സോളാര്‍ റിപോര്‍ട്ട് കാട്ടി കോ ണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ നോക്കിയാല്‍ ശക്തമായി നേരിടുമെന്നു നേതാക്കള്‍ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു പ്രകടനവുമായെത്തിയാണു പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എന്‍ എസ് നുസൂര്‍, അരുണ്‍ എസ് പി, ചിത്രാദാസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it