kannur local

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ ഉടന്‍

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ എംപിയുടെ പ്രദേശിക ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. റെയില്‍വേ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍ (യന്ത്രപ്പടി) സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവൃത്തികള്‍ നേരില്‍ക്കണ്ട് വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തന്റെ പരിധിയിലെ തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനുകള്‍ ആദര്‍ശ് നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. എംപിയുടെ പ്രാദേശിക വികസന ഫണ്ട് റെയില്‍വേ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് താനാണ്. റെയില്‍വേ മന്ത്രാലയത്തിന്റെ പദ്ധതി നടത്തിപ്പ് കമ്മിറ്റിയില്‍ അംഗമായതിനാലാണ് ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
1.30 കോടി ചെവഴിച്ചാണ് എസ്‌കലേറ്റര്‍ നിര്‍മാണം. ഒരു മിനുട്ടില്‍ അമ്പതിലേറെ പേര്‍ക്ക് ഇത് ഉപയോഗിക്കാനാവും. പാലക്കാട് ഡിവിഷനു കീഴില്‍ ഷൊര്‍ണൂര്‍, കോഴിക്കോട് മംഗളൂരു സെന്‍ട്രല്‍, കണ്ണൂര്‍ സ്‌റ്റേഷനുകളിലാണ് നിലവില്‍ എസ്‌കലേറ്റര്‍ഉള്ളത്.
തലശ്ശേരി സ്റ്റേഷനില്‍ നിലവില്‍ ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊന്നിലേക്ക് കോണിപ്പടി കയറിവേണം പോകാന്‍. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഇത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.  കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് ആറു ജില്ലകളില്‍നിന്ന് രോഗികളെത്തുന്നുണ്ട്. കൂടാതെ സ്ഥിരയാത്രക്കാരും മറ്റുമായി ആയിരക്കണക്കിനു പേരാണ് ഇവിടെയെത്തുന്നത്.
Next Story

RELATED STORIES

Share it