kannur local

തലശ്ശേരി കടല്‍തീരത്ത് അനധികൃത മണലൂറ്റ് വ്യാപകം



തലശ്ശേരി: തലശ്ശേരി തീരത്ത് അനധികൃത മണലൂറ്റ് വ്യാപകമായതോടെ കടലാക്രമണ ഭീഷണി. മണല്‍മാഫിയ മൂന്നു മീറ്ററോളം ആഴത്തില്‍ കുഴിയെടുത്താണ് മണലൂറ്റുന്നത്. തലശ്ശേരി കസ്റ്റംസ് റോഡ് പരിസരത്തെ തീരം മുതല്‍ തലായി വരെയുള്ള പ്രദേശം മാഫിയ കൈയടക്കി. അനധികൃത മണലെടുപ്പ് കടല്‍സംരക്ഷണ ഭിത്തിക്ക് പോലും വിഘാതമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കരിങ്കല്‍ഭിത്തി വളരെ ദൂരത്തില്‍ തകര്‍ന്നിട്ടുണ്ട്. കൂറ്റന്‍ തിരമാലകള്‍ പതിക്കുന്നതോടെ ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന പാണ്ടികശാലകളാണ് വിസ്മൃതിയിലേക്ക് മറയുന്നത്. കടല്‍തീരത്ത് നിലകൊള്ളുന്ന തലശ്ശേരി ജനറല്‍ ആശുപത്രി കെട്ടിടത്തിനും മണലൂറ്റ് വന്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അര്‍ധരാത്രി ആരംഭിക്കുന്ന മണലൂറ്റ് നേരം വെളുക്കുവോളം നീളും. ലോറികളിലും മറ്റും മണല്‍ ചാക്കുകളിലാക്കി പുലര്‍ച്ചെ തന്നെ ഇവിടെനിന്ന് കടത്തുകയാണ്. അനധികൃത മണലൂറ്റ് തടയാന്‍ തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാവലിരുന്നെങ്കിലും ഫലമുണ്ടായില്ല. മണല്‍മാഫിയകള്‍ ഇവര്‍ക്കുനേരെ ഭീഷണി മുഴക്കുകയാണ്. സമിതിയുടെ സജീവപ്രവര്‍ത്തകനായ  മാപ്പിളപ്പാട്ടുകാരന്‍ എരഞ്ഞോളി മൂസയ്ക്കും മണല്‍ മാഫിയയുടെ മര്‍ദനമേറ്റിരുന്നു.
Next Story

RELATED STORIES

Share it