kannur local

തലശ്ശേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം, ബോംബേറ് പത്തോളം വീടുകള്‍ക്കു നേരെ ആക്രമണം

തലശ്ശേരി: തലശ്ശേരിയിലെ പരിസര പ്രദേശങ്ങളായ ഇല്ലത്ത്താഴെയിലും വയലളുത്തുമായി സിപിഎം-ബിജെപി സംഘര്‍ഷവും ബോംബേറും. പത്തോളം വീടുകള്‍ക്ക് നേരെ അതിക്രമവും ഉണ്ടായി. ഉല്‍സവം നടന്നു വരുന്ന വയലളം മണോളിക്കാവ് പരിസരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വി കെ സുരേന്ദ്രന്റെ തറവാട് വീടിന് നേരെ ഇന്നലെ പലര്‍ച്ചെ 2.30യോടെയാണ് ആദ്യഅക്രമം നടന്നത്. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച അക്രമികള്‍ അകത്തുള്ള ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. തുടര്‍ന്ന് അക്രമി സംഘം അടുത്തുള്ള പാണിച്ചേരി സതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സതിയുടെ കഴുത്തില്‍ വടിവാള്‍വച്ച് ഭീക്ഷണിപ്പെടുത്തി.
അടുത്ത വീടുകളായ പാണിച്ചേരി പരേതനായ നാണു, പാണിച്ചേരി വീട്ടില്‍ സുരേന്ദ്രന്‍, അരുണോദയം വീട്ടില്‍ ശശി, കെ പി ജിതേഷ് തുടങ്ങിയവരുടെ വീട്ടിലും അക്രമമുണ്ടായി. അടുത്തടുത്ത വീടുകളില്‍ നിന്ന് കൂട്ടനിലവിളി ഉയര്‍ന്നതിനെ തുടര്‍ന്ന് അക്രമി സംഘം രക്ഷപ്പെട്ടു. അക്രമത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ഇതേ സമയം ഇല്ലത്ത്താഴെ പപ്പന്റെ പീടികയക്കുസമീപം നാലു ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബോംബാക്രമണം ഉണ്ടായി. ബൈക്കിലെത്തിയ സിപിഎം സംഘം വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞുവെന്നാണ് ആരോപണം. വയലളം മണോളിക്കാവില്‍ ഉല്‍സവാഘോഷത്തിന്റെ ഭാഗമായി പതിവായി ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാവാറുണ്ട്. പോലിസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാലാണ് വീടുകള്‍ അക്രമിക്കപ്പെട്ടെതന്ന് നാട്ടുകാര്‍ പറഞ്ഞു.
വ്യാപക സംഘര്‍ഷത്തെ തുടര്‍ന്ന് പരിസരത്തെ നാലു ജില്ലകളില്‍ നിന്നായി 500 ഓളം പോലിസുകാരെ തലശ്ശേരിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ആഭ്യന്തര മന്ത്രി തലശ്ശേരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനിരിക്കുന്നത് പരിഗണിച്ച് കൂടിയാണ് പോലിസ് സേനയെ വിന്യസിപ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it