malappuram local

തലമുറകള്‍ക്ക് തണലേകിയ മരമുത്തച്ഛന്‍ കടപുഴകി വീണു

എടക്കര: സംരക്ഷണ മിതികളുടെ പ്രവര്‍ത്തനം വിഫലമായി. തലമുറകള്‍ക്ക് തണലേകിയ മരമുത്തച്ഛന്‍ കടപുഴകി വീണു. മൂത്തേടം പാലാങ്കരയില്‍ കരിമ്പുഴയുടെ കല്ലംതോടുമുക്കില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്നിരുന്ന ഇരുമ്പകമെന്ന മരമുത്തച്ഛനാണ് കഴിഞ്ഞ ദിവസമുണ്ടായ കുത്തൊഴുക്കില്‍ നിലംപതിച്ചത്. ഇരുനൂറ് വര്‍ഷത്തിലേറെ പ്രായമുള്ള ഇരുമ്പകമരം പുഴ കാണാനെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷണമായിരുന്നു. ഈ മരത്തിന്റെ തണലിലായിരുന്നു സഞ്ചാരികളില്‍ അധികവും വിശ്രമിക്കാന്‍ ഇടം കണ്ടെത്തിയിരുന്നത്.
ഹോപ്പിയ പര്‍വിഫ്‌ളോറ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇരുമ്പകം അപൂര്‍വ ഇനം വൃക്ഷങ്ങളില്‍ ഒന്നാണ്. പുഴയുടെ തീരത്തെ മണ്ണൊലിപ്പിനെത്തുടര്‍ന്ന് ഭീഷണിയിലായ മരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2012ല്‍ സാമൂഹിക പ്രവര്‍ത്തകരും പ്രകൃതി സ്‌നേഹികളും അന്നത്തെ വനം മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാറിനും റവന്യൂ വകുപ്പിനും നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, വൃക്ഷം നില്‍ക്കുന്ന പ്രദേശം വനം വകുപ്പിന്റെ അധീനതയില്‍ അല്ലെന്ന കാരണം പറഞ്ഞ് വനംവകുപ്പ് സംരക്ഷണച്ചുമതലയില്‍ നിന്നു കൈയൊഴിഞ്ഞു. റവന്യൂ വകുപ്പാവട്ടെ മരം സംരക്ഷിക്കാന്‍ മിനക്കെട്ടതുമില്ല.
പാലാങ്കര ന്യൂ സ്റ്റാര്‍ ക്ലബിന്റെ നേതൃത്വത്തിലുള്ള കരിമ്പുഴ സംരക്ഷണ സമിതിയും മാത്യു എസ് നിലമ്പൂരിന്റെ നേതൃത്വത്തിലുള്ള കരിമ്പുഴ തീര സംരക്ഷണ സമിതിയും മുന്‍ പാലാങ്കര മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാ. പോള്‍ ജേക്കബിന്റെ നേതൃത്വത്തിലും മരം സംരക്ഷിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നീട് സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. സംരക്ഷണം ലഭിക്കാതായതോടെ പുഴയുടെ ഭാഗത്തെ മണ്ണ് മുഴുവന്‍ ഒലിച്ചു പോവുകയും ഞായറാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരം പുഴയിലേയ്ക്കു പതിക്കുകയുമായിരുന്നു. കാഠിന്യം കൂടിയ മരമായതിനാല്‍ മുന്‍കാലത്ത് കപ്പലുകളുടെ നിര്‍മാണത്തിനാണ് ഇതിന്റെ തടി ഉപയോഗിച്ചിരുന്നത്.
നിലമ്പൂരില്‍ ബ്രിട്ടീഷുകാര്‍ ഇരുമ്പകത്തോട്ടംതന്നെ നിര്‍മിച്ചിരുന്നതായാണ് ചരിത്ര രേഖകള്‍ പറയുന്നത്. ചിതലോ മറ്റ് ക്ഷുദ്ര ജീവികളുടെയോ ഉപദ്രവം ഉണ്ടാവില്ലെന്ന പ്രതേ്യകതയുമുണ്ട് ഇരുമ്പകത്തിന്. തലമുറകള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും തണലേകിയ മരമുത്തച്ഛന്‍ ഇനി ഓര്‍മയില്‍ മാത്രം.
Next Story

RELATED STORIES

Share it