kozhikode local

തലചായ്ക്കാന്‍ വീടൊരുക്കി എന്‍എസ്എസ് യൂനിറ്റ് മാതൃകയായി

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ എന്‍എസ്എസ് യൂനിറ്റ് വിദ്യാര്‍ഥികളുടെ മെയ്യും മനസുമായി അധ്വാനിച്ചപ്പോള്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ വീടായി. മണിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിര്‍മിക്കുന്ന മൂന്ന് വീടുകളില്‍ രണ്ട് വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കുന്നത്തുകയിലും ചെരണ്ടത്തൂരിലും നിര്‍മാണം പൂര്‍ത്തിയായ 550 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീടുകളുടെ താക്കോര്‍ദാനം തിങ്കളാഴ്ച 11 മണിക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീര്‍ കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുമെന്ന് കോളജ് അധികൃതര്‍ വാത്താസമ്മേളനത്തില്‍ അറിയിച്ചു. പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും തങ്ങളുടെ വിഹിതം നല്‍കി. വിദ്യാര്‍ഥികള്‍ റസീറ്റ് ഉപയോഗിച്ചുള്ള പണപ്പിരിവും നടത്തുകയുണ്ടായി. വിദ്യാര്‍ഥികള്‍ സര്‍വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
അകലാപ്പുഴയോട് ചേര്‍ന്ന മുപ്പതോളം വരുന്ന ഭൂമി ശുചീകരിച്ച് എംഎച്ച്ഇഎസ് കോളജിലെ എന്‍എസ്എസ് കൃഷി യോഗ്യമാക്കുകയുണ്ടായി. മന്ത്രി ടിപി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനം വിദ്യാര്‍ഥികള്‍ നേടിയതായി കോളജ് അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.പിപി അബൂബക്കര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ വിഎം സുകേഷ്, സ്റ്റാഫ് അഡൈ്വസര്‍ സിപി സബീല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it