kasaragod local

തറക്കല്ലില്‍ ഒതുങ്ങി കോട്ടച്ചേരി റെയില്‍വേ മേല്‍പാലം

കാഞ്ഞങ്ങാട്: തീരദേശ നിവാസികളുടെ ചിരകാല സ്വപ്‌നമായ കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തറക്കല്ലിട്ട് അഞ്ചു മാസം പിന്നിട്ടിട്ടും ഇപ്പോഴും പ്രവര്‍ത്തി തുടങ്ങിയിട്ടില്ല. ഇതോടെ കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂര്‍ പഞ്ചായത്തിന്റെയും കടലോര പ്രദേശങ്ങളായ അജാനൂര്‍ കടപ്പുറം, ഹൊസ്ദുര്‍ഗ് കടപ്പുറം, കാഞ്ഞങ്ങാട് പഴയ കടപ്പുറം, പുതിയ കടപ്പുറം, മരക്കാപ്പ് കടപ്പുറം, ചിത്താരി കടപ്പുറം, മുട്ടുന്തല, കൊത്തിക്കാല്‍, കൊളവയല്‍ തുടങ്ങിയ പ്രദേശത്തുകാര്‍ക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്നതിനുള്ള വിലങ്ങ് തടിയായിരുന്ന കോട്ടച്ചേരി റെയില്‍വേ ഗേറ്റ് ഒഴിവാക്കുന്ന സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാവാതെ നീളുകയാണ്.
ഏപ്രില്‍ 14നാണ് തറക്കല്ലിട്ടത്. കരാ റെടുത്ത കമ്പനി ആദ്യമാസങ്ങളില്‍ പണി തുടങ്ങിയിരുന്നില്ല. പിന്നീട് കെട്ടിടം പൊളിച്ച് മാറ്റിയതിനു ശേഷം മരങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നിരപ്പാക്കല്‍ ജോലിയും നടത്തി. എന്നാല്‍ പിന്നീടങ്ങോട്ട് ഒരു പ്രവര്‍ത്തിയും നടന്നിട്ടില്ല. മേല്‍പാല പ്രവര്‍ത്തിക്ക് കമ്പി മാറ്റാനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ 1.25 ലക്ഷം വൈദ്യുതിവകുപ്പില്‍ അടയ്ക്കുകയം ചെയ്തു. എന്നാല്‍ മാസം കഴിഞ്ഞിട്ടും കമ്പി മാറ്റാന്‍ കെഎസ്ഇബി തയ്യാറായിട്ടില്ലെന്ന് കരാറുകാരന്‍ പറയുന്നു. ഇപ്പോള്‍ മേല്‍പാല പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക് മാലിന്യം അടക്കമുള്ള സാധനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇത് മാറ്റിത്തരണമെന്നാണ് കരാറുകാരന്‍ ആവശ്യപ്പെടുന്നത്. 2012ലാണ് തീര ദേശവാസികളും കാഞ്ഞങ്ങാട് നഗരവാസികളും മേല്‍പാലം എന്ന ആശയം മുന്നോട്ടുവച്ചത്. കോട്ടച്ചേരി ട്രാഫിക്ക് ജങഷന് നൂറോളം മീറ്റര്‍ വടക്ക് നിന്ന് തുടങ്ങി ആവിക്കര റോഡില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഏതാണ്ട് 14 കോടി രൂപയോളം ചെലവില്‍ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പടന്നക്കാടിനും ചിത്താരിക്കും ഇടയില്‍ തീരദേശ നിവാസികള്‍ക്ക് കാഞ്ഞങ്ങാട് നഗരത്തിലെത്താനുള്ള ബുദ്ധിമുട്ടുകള്‍ ഇതോടെ ഒഴിവായിക്കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
മുമ്പ് തന്നെ റെയില്‍വേ മേല്‍പാലത്തിന് കേന്ദ്ര ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ പാലം കടന്നു പോകുന്ന വഴിയിലുള്ള കെട്ടിട ഉടമകളും വ്യക്തികളും കോടതിയെ സമീപിച്ചതോടെ മേല്‍പാലം നിര്‍മാണം മന്ദഗതിയിലാകുകയായിരുന്നു. തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിനും പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങള്‍ക്കും പൊന്നും വില നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറായതോടെയാണ് പ്രശ്‌നത്തിന്ന് പരിഹാരമായത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ രണ്ടര ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. സ്ഥലം ഏറ്റെടുക്കാനായി 21.80 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it