kannur local

തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ സമഗ്ര പദ്ധതി: മന്ത്രി



മയ്യില്‍: കേരളത്തെ സമ്പൂര്‍ണ തരിശുരഹിത സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് ഹരിതകേരളം മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ലക്ഷ്യമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. മയ്യില്‍ പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളിലും നെല്‍കൃഷി ചെയ്യുന്നതിന്റെ ഭാഗമായി കയരളം കീഴാലം പാടശേഖരത്തില്‍ സംഘടിപ്പിച്ച നടീല്‍ ഉല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്‍വയലുകള്‍ നികത്തുന്നതിനു മുന്നോടിയായി അവ തരിശിടുക എന്നതായിരുന്നു അടുത്തകാലം വരെയുള്ള പതിവ്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകളുണ്ടായി. 15000 ഏക്കര്‍ തരിശുനിലങ്ങള്‍ ഇതിനകം കൃഷിയോഗ്യമാക്കാന്‍ സാധിച്ചു. തരിശുനിലങ്ങള്‍ ഭൂമാഫിയകളുടെ കൈയിലാണെങ്കിലും അവ പിടിച്ചെടുത്ത് ജനകീയമായി കൃഷിയിറക്കും. ഓരോ മണ്ഡലത്തിലെയും തരിശുഭൂമികള്‍ കണ്ടെത്തി അവ കൃഷി യോഗ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്ഥാപനങ്ങള്‍, എംഎല്‍എ, എംപി ഫണ്ടുകള്‍ സമാഹരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 63 ലക്ഷം വീടുകളില്‍ അഞ്ചുതരം പച്ചക്കറി വിത്തുകള്‍ കൃഷിഭവനുകളില്‍നിന്ന് വിതരണം ചെയ്യും. അതോടൊപ്പം മുറ്റത്തുനിന്ന് ഒരു പറ നെല്ല് എന്ന പദ്ധതിയും നടപ്പാക്കും. വയലുകളില്‍ മാത്രമല്ല, പുരയിടങ്ങളിലും തെങ്ങിന്‍ തോപ്പുകളില്‍ കരനെല്‍കൃഷി ചെയ്താണു പദ്ധതി നടപ്പാക്കുക. വിളനാശം ഉണ്ടാവുന്ന കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ജൂലൈ ഒന്നിന് കൃഷിഭവനുകളുടെ നേതൃത്വത്തില്‍ വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കും. 26 തരം വിളകള്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കൃഷിഭവനുകളുടെ 30ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സപ്തംബര്‍ രണ്ടാം വാരത്തില്‍ എല്ലാ കൃഷി ഓഫിസുകളിലും കര്‍ഷക അദാലത്തുകള്‍ നടത്തും. ലഭ്യമായ മുഴുവന്‍ സേവനങ്ങളുടെയും വിവരങ്ങളടങ്ങിയ ബോര്‍ഡ് കൃഷിഭവനുകളില്‍ പ്രദര്‍ശിപ്പിക്കും. കൃഷിഭവനുകളെ കര്‍ഷകസേവന ഭവനുകളാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. മയ്യില്‍ നെല്ലുല്‍പാദക കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. കൃഷിഭൂമി പുരസ്‌കാരം നേടിയ മലയന്‍കുനി സഹോദരങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ട്രാക്ടര്‍ ഓപറേറ്റര്‍മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരിയും ആദരിച്ചു.
Next Story

RELATED STORIES

Share it