തമിഴ്‌നാട് കരാര്‍ലംഘനം നടത്തുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല: ചെന്നിത്തല

തിരുവനന്തപുരം/കൊച്ചി: പറമ്പിക്കുളം ആളിയാര്‍ കരാറില്‍ ലംഘനം നടത്തി കേരളത്തിന് അര്‍ഹമായ ജലവിഹിതം തമിഴ്‌നാട് നിഷേധിച്ചിട്ടും ഫലപ്രദമായ ഇടപെടല്‍ നടത്താതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് ജില്ലയിലെ കൃഷിക്കു വന്‍നാശമുണ്ടാവുമ്പോഴും തമിഴ്‌നാട് മുഖ്യമന്ത്രിക്കു വെറുതെ കത്തയച്ച് കടമ അവസാനിപ്പിക്കുകയാണു മുഖ്യമന്ത്രി ചെയ്യുന്നത്. പേരിന് കത്തയച്ചതു കൊണ്ട് എന്തു കാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. തമിഴ്‌നാട് കരാര്‍ലംഘനം പതിവാക്കിയിരിക്കുകയാണ്. കേരളത്തിനുള്ള വിഹിതം തരാതെ അവര്‍ തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം തിരിച്ചുവിടുകയാണ്. ഇതു കാരണം ചിറ്റൂര്‍, പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് ഹെക്റ്ററിലെ കൃഷി നശിക്കുകയാണ്. ഭാരതപ്പുഴ വറ്റിവരണ്ടതു കാരണം രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നു. കരാര്‍ പ്രകാരം ഫെബ്രുവരി 15 വരെ ദിവസവും 400 ക്യൂസെക്‌സ് വെള്ളമാണു തമിഴ്‌നാട് തരേണ്ടത്. പക്ഷേ ഇപ്പോള്‍ തരുന്നതു ശരാശരി 100 ക്യൂസെക്‌സിന് താഴെയും. ചില ദിവസം ഇത് 50 ക്യൂസെക്‌സിനും താഴെ പോവുന്നു. ഇന്നു ചെന്നൈയില്‍ ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് യോഗം ചേരുന്നുണ്ടെങ്കിലും വലിയ പ്രതീക്ഷയൊന്നും വേണ്ട. നേരത്തെ ബോര്‍ഡിന്റെ തീരുമാന പ്രകാരമുള്ള വെള്ളം പോലും വിട്ടുതരുന്നില്ല. ഈ അവസ്ഥയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് വെറുതെയിരിക്കാതെ അടിയന്തര ഇടപെടല്‍ നടത്തി പ്രശ്‌നത്തിനു പരിഹാരമാണ് ഉണ്ടാക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കെഎസ്ആര്‍ടിസിക്ക് പിന്നാലെ സംസ്ഥാന വൈദ്യുതി ബോര്‍ഡും നഷ്ടത്തിലായതു സര്‍ക്കാര്‍ ദുര്‍ഭരണത്തിന് മറ്റൊരു ഉദാഹരണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ കൊണ്ടു മാത്രമാണ് കെഎസ്ഇബി നഷ്ടത്തിലേക്കു പതിച്ചത്. കൃത്യമായ നേതൃപാടവം കൊണ്ട് ലാഭത്തിലാകുവാന്‍ കെഎസ്ഇബിക്ക് സാധിക്കുമെന്നു മുന്‍കാല സര്‍ക്കാരുകള്‍ തെളിയിച്ചിട്ടുണ്ട്. നിലവില്‍ കെഎസ്ഇബി ഗുരുതരമായ പ്രതിസന്ധിയിലൂടെയാണു കടന്നുപോവുന്നത്. കെഎസ്ആര്‍ടിസിയിലേതു പോലെ വൈദ്യുതി വകുപ്പില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്കു പെന്‍ഷന്‍ മുടങ്ങുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംസ്ഥാനത്തുണ്ട്. കൂടുതല്‍ കരുതലോടെ വൈദ്യുതി വകുപ്പിനെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it