Flash News

തമിഴ്‌നാട്: എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ധന

ചെന്നൈ: എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന ബില്ല് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. എംഎല്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഇരട്ടിയോളം വര്‍ധിപ്പിക്കുന്നതാണ് ബില്ല്. എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ പളനിസ്വാമി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പാക്കിയത്.
ഇതോടെ എംഎല്‍മാരുടെ മാസശമ്പളം 1.05 ലക്ഷമായി ഉയരും. 55000മായിരുന്നു ഇതുവരെയുള്ള ശമ്പളം. 12000 രൂപയായിരുന്ന എംഎല്‍എമാരുടെ പെന്‍ഷന്‍ 20000 ആയി ഉയര്‍ത്തും. സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനുള്ള ഫണ്ട് രണ്ട് കോടിയില്‍നിന്നു 2.6 കോടി ആക്കി ഉയര്‍ത്തും. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നിവരുടെ അലവന്‍സ് വര്‍ധിപ്പിക്കും. മരണപ്പെട്ട എംഎല്‍എമാരുടെ കുടുംബങ്ങളുടെ പെന്‍ഷന്‍ 10000 രൂപയാക്കി ഉയര്‍ത്തും. മുന്‍ എംഎല്‍എമാരുടെ മെഡിക്കല്‍ അലവന്‍സ് 12000 രൂപയില്‍നിന്നും 25000 രൂപയാക്കി ഉയര്‍ത്താനും  ബില്ലില്‍ വ്യവസ്ഥയുണ്ട്.
ബില്ലിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷമായ ഡിഎംകെയും അണ്ണാ ഡിഎംകെ വിമത എംഎല്‍എ ടി ടിവി ദിനകരനും ബില്ലിനെതിരേ രംഗത്തെത്തി. തങ്ങളുടെ അവകാശങ്ങള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ സമരം തുടരുന്നതിനിടെ എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുള്ള തീരുമാനം ശരിയല്ലെന്നു ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പറഞ്ഞു. ജനങ്ങള്‍ പുച്ഛിക്കുന്നതിനു മാത്രമേ പുതിയ തീരുമാനം സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഏഴുദിവസമായി ശമ്പളവര്‍ധനവിനും മറ്റാനുകൂല്യങ്ങള്‍ക്കുമായി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരും കുടുംബങ്ങളും സമരം തുടരുകയാണ്. 2.57 ശതമാനം വര്‍ധനയാണ് തൊളിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 2.44 ശതമാനം മാത്രമേ വര്‍ധിപ്പിക്കാനാവൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെ തുടര്‍ന്നാണ് സമരം നീണ്ടുപോവുന്നത്.
അതേസമയം, വിരമിച്ച ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ 750 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 30നു മുമ്പ് വിരമിച്ച എല്ലാവര്‍ക്കും ലഭ്യമാവുന്ന ആനുകൂല്യം 14ന് നടക്കുന്ന പൊങ്കല്‍ ഉല്‍സവത്തിനു മുമ്പ് നല്‍കുമെന്ന് നിയമസഭയില്‍ അറിയിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. വരള്‍ച്ചാ ധനസഹായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിനിടെ, എംഎല്‍എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എതിര്‍പ്പിനിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it