malappuram local

തദ്ദേശ സ്ഥാപനങ്ങളില്‍ ഇനി സമ്പൂര്‍ണ വികേന്ദ്രീകരണം

പൊന്നാനി: തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ഇനി അയല്‍ സഭകള്‍. വികസന പദ്ധതി രൂപീകരണത്തില്‍ സമ്പൂര്‍ണ വികേന്ദ്രീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അയല്‍സഭകള്‍ വഴി വികസന പദ്ധതി രൂപരേഖ തയ്യാറാക്കുന്നത്. ഇതോടെ പദ്ധതി രൂപരേഖ മുകള്‍ തട്ടില്‍ തയ്യാറാക്കുന്ന പതിവ് സമ്പ്രദായത്തിന് അടിമുടി മാറ്റം വരും.
പുതിയ കമ്മ്യൂണിറ്റി പ്ലാനിങ്ങ് അനുസരിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികളുടെ മുന്‍ഗണനാക്രമത്തില്‍ ഏറ്റവും താഴെ തട്ടിലുള്ള അയല്‍സഭകളിലാണ് ചര്‍ച്ച ചെയ്ത് പദ്ധതി രൂപരേഖ തയ്യാറാക്കേണ്ടത്.
100,150 വരെ കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാണ് അയല്‍സഭകള്‍.ഒരു വാര്‍ഡില്‍ 11 അംഗങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് അയല്‍സഭകള്‍ ഉണ്ടായിരിക്കും. അയല്‍സഭകളില്‍ തയ്യാറാക്കുന്ന വികസന രൂപരേഖ വാര്‍ഡ് തല വികസന സമിതി ക്രോഡീകരിച്ച് തദ്ധേശ സ്ഥാപനങ്ങളുടെ വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്ക് നല്‍കുകയും പിന്നീട് ഗ്രാമസഭകളില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്യും. അയല്‍ സഭകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 15 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗ്രാമസഭ. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ്, ഡിവിഷന്‍ മെംബര്‍മാരാണ് വികസന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അവരെ സഹായിക്കാന്‍ വേതനം നല്‍കി രണ്ട് വര്‍ഷ കാലയളവില്‍ സഹായിയെയും നിയമിക്കാം. ഇത്തരം നിയമനത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് വ്യവസ്ഥ.
കമ്മ്യൂണിറ്റി പ്ലാനിങ്ങിലൂടെ പ്രദേശത്തെ കുടുംബങ്ങളുടെ അടിസ്ഥാന വികസന ആവശ്യങ്ങള്‍ ഭരണ സമിതിയുടെ മുന്‍പിലെത്തിച്ചു നടപ്പിലാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. പുതിയ സംവിധാനത്തിലൂടെ പ്രോജക്ടുകള്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ തന്നെയാണ് ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക. ഇത് സംബന്ധിച്ച് ഭരണസമിതി അംഗങ്ങള്‍ക്ക് കിലയുടെ നേത്യത്വത്തില്‍ പരിശീലനം നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വര്‍ക്കിങ് ഗ്രൂപ്പുകള്‍ തയ്യാറാക്കുന്ന വികസന രൂപരേഖയും പദ്ധതിയും ഗ്രാമസഭകളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് ഇതുവരെ ഉണ്ടായിരുന്നത്.
കമ്മ്യൂണിറ്റി പ്ലാനിങ്ങ് നിലവില്‍ വന്നതോടെ വികസന രൂപരേഖ തയ്യാറാക്കല്‍ ഏറ്റവും താഴെ തട്ടിലുള്ള അയല്‍ സഭകള്‍ വഴിയാകും.
Next Story

RELATED STORIES

Share it