തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി; പകുതിയോളം ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ വന്നേക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളില്‍ വിപുലമായ അഴിച്ചുപണിക്ക് കളമൊരുങ്ങി. ഓരോ ജില്ലകളിലെയും ഫലം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. 13 ജില്ലകളിലെ അവലോകനം ഇതിനകം പൂര്‍ത്തിയായി. 30നു തിരുവനന്തപുരം ജില്ലയുടെ അവലോകനം പൂര്‍ത്തിയായ ശേഷം കെപിസിസി നേതൃത്വം ജില്ലാതല പുനസ്സംഘടനയ്ക്ക് നടപടി തുടങ്ങും.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ഡിസിസികള്‍ക്ക് പുതിയ അധ്യക്ഷന്മാര്‍ വരുമെന്ന് ഉറപ്പായിട്ടുണ്ട്. കനത്ത തിരിച്ചടി നേരിട്ട ജില്ലകളില്‍ പുതിയ നേതൃത്വം വേണമെന്നാണ് ആവശ്യം. ഏറ്റവുമധികം പ്രശ്‌നം നിലനില്‍ക്കുന്ന തിരുവനന്തപുരം ഡിസിസിയുടെ അധ്യക്ഷനെ മാറ്റണമെന്ന് അവലോകന റിപോര്‍ട്ടിലുണ്ട്. കൊല്ലത്ത് സമ്പൂര്‍ണമായ മാറ്റം വരുത്തണം. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അവലോകന റിപോര്‍ട്ടിലും നേതൃമാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടുന്നു.
നിലവിലെ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഏഴോളം ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് കെപിസിസി ഉദ്ദേശിക്കുന്നത്. ജില്ലകളിലെ അവലോകന റിപോര്‍ട്ടിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ച അവസാനിക്കും. അടുത്ത മാസം 10നു മുമ്പ് മാറ്റങ്ങള്‍ സംബന്ധിച്ച ഏകദേശ തീരുമാനമുണ്ടാവും. ഭൂരിഭാഗം ജില്ലകളിലും ഡിസിസിതല ഭാരവാഹികളുടെ പുനസ്സംഘടനയും ഉടനെയുണ്ടായേക്കും. ജനുവരി 4നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കേരള യാത്ര ആരംഭിക്കുന്നതിനു മുമ്പ് ഡിസിസികളിലെ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം.
വയനാട്, കണ്ണൂര്‍ ജില്ലകളിലും നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. കണ്ണൂരില്‍ നിന്നുള്ള എ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിനെ സന്ദര്‍ശിച്ച് ഡിസിസിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെ സുധാകരനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഗുണം ചെയ്യില്ലെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഡിസംബര്‍ ആദ്യവാരം ചര്‍ച്ച നടത്തി വരുത്തേണ്ട മാറ്റം തീരുമാനിക്കും.
ഗ്രൂപ്പ്, സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിക്കാമെങ്കിലും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ കഴിവുള്ളവര്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് വി എം സുധീരന്റെ നിലപാട്. ഓരോ ജില്ലയിലും തോല്‍വിക്കിടയാക്കിയ സാഹചര്യം, നേതാക്കളുടെ പങ്ക്, പ്രവര്‍ത്തനത്തിലെ പാളിച്ച തുടങ്ങിയവ നേതൃത്വം വിശദമായി വിലയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it