palakkad local

തട്ടിപ്പിന് പുതിയ വഴികള്‍; പണം നഷ്ടപ്പെട്ട് നിരവധി പേര്‍

ആലത്തൂര്‍: 10രൂപയുടെ പ്ലാസ്റ്റിക് കപ്പ് വാങ്ങിയാല്‍ മിക്‌സിയും പ്രഷര്‍ കുക്കറും സ്‌കൂട്ടറും ടെലിവിഷനും സമ്മാനം. കേട്ടിട്ട് നെറ്റി ചുളിക്കേണ്ട. ഇതൊക്കെ കേട്ടിട്ട് വിശ്വസിക്കുകയും തട്ടിപ്പിന് തലവെച്ചു കൊടുക്കുകയും ചെയ്യുന്നവര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്.
എത്ര കണ്ടാലും കേട്ടാലും മലയാളി  കൊണ്ടേ അറിയൂ എന്ന വാശിയുള്ളവരാണെന്ന് എന്നറിയാവുന്ന തമിഴനും തെലുങ്കനും തട്ടിപ്പിനുള്ള പുതു വഴികളുമായി ഇറങ്ങിയിരിക്കുന്നു. 10രൂപ വിലയുള്ള പ്ലാസ്റ്റിക് കപ്പ് വില്‍ക്കാന്‍ ഡയറക്ട് മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ വീടുകളില്‍ എത്തുന്നതോടെയാണ് തുടക്കം.
തമിഴ്‌നാട്ടിലും ആന്ധ്രയിലുമാണ് കമ്പനികളുടെ ആസ്ഥാനമെന്നാണ് തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഇവര്‍ പറയുന്നത്. കപ്പ് വാങ്ങുന്നവര്‍ക്ക് ‘സ്‌ക്രാച്ച് ആന്റ് വിന്‍’ കൂപ്പണ്‍ കാര്‍ഡ് നല്‍കും. കൂപ്പണ്‍ ചുരണ്ടിയാല്‍ സമ്മാനം ഉറപ്പാണ്.
ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍, മിക്‌സി എന്നിവയൊക്കെയാണ് സമ്മാനം. 7800 രൂപ വിലയുള്ള ഇവ 4000 രൂപ വിലക്കിഴിവില്‍ നല്‍കുന്നതാണ് സമ്മാന പദ്ധതി. സമ്മാനം വാങ്ങിയാല്‍ അടുത്ത കെണി ഒരുങ്ങുകയായി. ഇപ്പോള്‍ സമ്മാനം കിട്ടിയവരില്‍ നിന്ന് ബംപര്‍ സമ്മാനം നറുക്കെടുപ്പ് ഉണ്ടെന്ന് പറഞ്ഞ് ഇവര്‍ മടങ്ങും. ഒരാഴ്ച കഴിഞ്ഞാല്‍ ഫോണ്‍ വിളി എത്തും. ബംപര്‍ സമ്മാനമായി സ്‌കൂട്ടര്‍, 32 ഇഞ്ച് കളര്‍ ടിവി ഒക്കെ അടിച്ചെന്ന അറിയിപ്പാണത്. വീട്ടില്‍ സമ്മാനം എത്തിക്കുമെന്നും പറയും.
അടുത്ത ദിവസങ്ങളില്‍ വിലാസം ചോദിച്ചും മറ്റും വിളികളെത്തും. ‘കസ്റ്റമര്‍’ എല്ലാം വിശ്വസിച്ചെന്നു തോന്നിയാലാണ് അടുത്ത തന്ത്രം. സമ്മാനത്തിന്റെ നികുതി അവരരവര്‍ അടയ്കണമെന്ന നിബന്ധന വെക്കും. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് സമ്മാനം വാങ്ങാന്‍ ഒരുങ്ങി ഇരിക്കുന്നയാള്‍ അതിനു തയ്യാറാകും.
11,300 രൂപ നികുതിയായി അടയ്കാന്‍ ആവശ്യപ്പെട്ട് മേട്ടുപ്പാളയത്തെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കും. അല്ലെങ്കില്‍ എടിഎമ്മില്‍ പോയി ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴി അക്കൗണ്ടിലേക്ക് പണം അടയ്കാന്‍ ആവശ്യപ്പെും. പണം അടച്ചാല്‍ പിന്നെ ‘ആട് കിടന്നിടത്ത് പൂട പോലുമില്ലെന്ന’സ്ഥിതിയാകും. അവര്‍ വിളിച്ച നമ്പര്‍ സ്വിച്ചോഫാകും.
അല്ലെങ്കില്‍ ആരും എടുക്കില്ല. കാവശ്ശേരി, തരൂര്‍, എരിമയൂര്‍, ആലത്തൂര്‍ പ്രദേശത്ത് പലര്‍ക്കും പണം നഷ്ടമായി. കാവശ്ശേരിയില്‍ ഒരാള്‍ പണം അടയ്ക്കുന്നതിനുമുമ്പ് സംശയം പോലിസിലെത്തി വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്.
മറ്റൊരാള്‍ സ്വര്‍ണം പണയപ്പെടുത്തിയാണ് അയക്കാനുള്ള തുക സംഘടിപ്പിച്ചത്. പഴമ്പാലക്കോട് ഭാഗത്തും തട്ടിപ്പു സംഘം എത്തിയിരുന്നു.കൂടുതല്‍ പരാതികള്‍ ഉണ്ടാകുമെന്നാണ് പോലിസ്‌കണക്കു കൂട്ടുന്നത്.വിദ്യാസമ്പന്നരായ പലരും തങ്ങള്‍ക്കു പറ്റിയ അബദ്ധം പുറത്തു പറയാതെ ഇരിക്കുന്നുമുണ്ട്.
Next Story

RELATED STORIES

Share it