malappuram local

തടഞ്ഞുവച്ച എട്ടു കോളജുകളുടെ ബിരുദ ഫലം പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തടഞ്ഞുവച്ച എട്ട് കോളജുകളുടെ ആറാം സെമസ്റ്റര്‍ ബിരുദ ഫലംപ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം എട്ട് കോളജുകളുടെ ഫലം തടഞ്ഞുവച്ചായിരുന്നു ഇതര കോളജുകളും ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ അധ്യാപകരെ അയക്കാത്തതാണ് ഫലം തടഞ്ഞുവയ്ക്കാനിടയാക്കിയത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍നേരിട്ടെത്തി കാരണം ബോധിപ്പിക്കണമെന്ന് പരീക്ഷാ സ്ഥിരംസമിതി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചതാണ് ഫലം തടഞ്ഞുവയ്ക്കാന്‍ കാരണം. പ്രിന്‍സിപ്പല്‍മാര്‍ ഇന്ന് സര്‍വകലാശാലയിലെത്തി വിശദീകരണം നല്‍കാമെന്ന ഉറപ്പിന്‍മേലാണ് ഫലം പുറത്തുവിട്ടത്. മൂല്യനിര്‍ണയവുമായിബന്ധപ്പെട്ട റിപോര്‍ട്ട് സര്‍വകലാശാലയ്ക്ക് ഇന്നലെ ഇ-മെയില്‍ വഴി കോളജ് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഇന്ന് പ്രിന്‍സിപ്പല്‍മാരില്‍ നിന്നു സര്‍വകലാശാലാ പരീക്ഷാ സ്ഥിരസമിതി വാദം കേള്‍ക്കും.
മലപ്പുറം ഗവ. കോളജ്, പുതുക്കാട് പ്രജ്യോതി നികേതന്‍, എസ്എന്‍ കോളജ് ആലത്തൂര്‍, കാര്‍മല്‍ കോളജ് മാള, ഗവ. കോളജ് നടപുറം, ഭാരത് മാത പാലക്കാട്, വി വി കോളജ് ചുള്ളിമട, എസ്എസ് കോളജ് അരീക്കോട് എന്നിവയുടെ ഫലങ്ങളായിരുന്നു തടഞ്ഞുവച്ചിരുന്നത്. ഫൈനല്‍,രണ്ടാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണയ ക്യാംപുകളില്‍ അറുപതിലേറെ കോളജുകള്‍ അധ്യാപകരെ അയച്ചിരുന്നില്ല. തുടര്‍ന്ന് 52 കോളജ് അധികൃതര്‍ സര്‍വകലാശാലയില്‍ എത്തി കാരണം ബോധിപ്പിച്ചു.  എട്ട് കോളജ് പ്രിന്‍സിപ്പള്‍മാര്‍ അസൗകര്യം അറിയിച്ചു.
കാരണംബോധിപ്പിച്ച് രണ്ടാം സെമസ്റ്ററില്‍ ബാക്കിയുള്ള 20,000 പേപ്പറുകള്‍ ഏറ്റെടുത്തില്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്നും പരീക്ഷാ കേന്ദ്രം റദ്ധാക്കുന്നത് അടക്കമുള്ള നടപടികള്‍ കൈകൊള്ളുമെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇന്നലെ ഇ മെയില്‍ വഴി കോളജില്‍ നിന്നും വിശദീകരണം ലഭിച്ചത്.
Next Story

RELATED STORIES

Share it