Flash News

തച്ചങ്കരിയുടെ നിയമനം ഡിജിപിയെ നിരീക്ഷിക്കാനോ?



കൊച്ചി: ഡിജിപി ടി പി സെന്‍കുമാറിനെ നിരീക്ഷിക്കുന്നതിനാണോ ടോമിന്‍ ജെ തച്ചങ്കരിയെ പോലിസ് അഡ്മിനിസ്‌ട്രേഷന്‍ എഡിജിപിയായി നിയോഗിച്ചതെന്ന് ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഡിജിപിയെ നിരീക്ഷിക്കാനാണ് തച്ചങ്കരിയെ നിയോഗിച്ചിരിക്കുന്നതെങ്കില്‍, അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡിജിപിയായി ടി പി സെന്‍കുമാറിനെ നിയമിക്കുന്നതിന് മുമ്പ് പോലിസ് സേനയില്‍ നടത്തിയ കൂട്ടസ്ഥലം മാറ്റം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.തച്ചങ്കരിക്കെതിരേയുള്ള കേസുകളുടെ വിശദാംശങ്ങളും ഹൈക്കോടതി ആരാഞ്ഞു. ഇത്തരത്തിലൊരു സ്ഥലംമാറ്റം ശരിയായോ എന്നും കോടതി ചോദിച്ചു. രാമങ്കരി സ്വദേശി ജോസ് തോമസാണ് ടോമിന്‍ ജെ തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സെന്‍കുമാര്‍ സ്ഥാനമേല്‍ക്കും മുമ്പു പോലിസ് ആസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ രാഷ്ട്രീയ മേലാളന്‍മാരുടെ കൈപ്പിടിയില്‍ ഒതുക്കുകയെന്ന ലക്ഷ്യത്തിലാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതെന്ന് ജോസ് തോമസ് ഹരജിയില്‍ ആരോപിച്ചു. സുപ്രിംകോടതി നിര്‍ദേശപ്രകാരം സെന്‍കുമാറിനെ പുനര്‍ നിയമിക്കുന്നതിനു രണ്ടു ദിവസം മുമ്പ് 2017 മെയ് നാലിനായിരുന്നു പോലിസ് ഉന്നതതലത്തിലെ അഴിച്ചുപണി. നൂറിലേറെ ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി. കോസ്റ്റല്‍ പോലിസ് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി നിയമിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ നടപടി ഭരണഘടനയും നിയമവും മറികടന്നാണെന്നു ഹരജിയില്‍ ആരോപിക്കുന്നു. പോലിസ് ആസ്ഥാനത്തു വന്‍മാറ്റം വരുത്തുകയാണു ലക്ഷ്യമെന്നു മാറ്റം പരിശോധിച്ചാല്‍ വ്യക്തമാണ്. പ്രകാശ് സിങ് കേസിലും സെന്‍കുമാര്‍ കേസിലും സുപ്രിംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല ഇത്. പോലിസിനെ ഉപകരണമാക്കാനാണു സര്‍ക്കാര്‍ നീക്കം. കൂട്ടസ്ഥലംമാറ്റത്തിന്റെ രേഖകള്‍ വിളിച്ചുവരുത്തി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കേരള പോലിസ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സംസ്ഥാന സെക്യൂരിറ്റി കമ്മീഷനെ നിയമിക്കണം. കമ്മീഷന്റെ ശുപാര്‍ശ മാനിച്ചല്ലാതെ പോലിസ് മേധാവിയെ നിയമിക്കരുത്. സല്‍പേരില്ലാത്ത ഉദ്യോഗസ്ഥനെ പോലിസ് ആസ്ഥാനത്ത് ഉന്നതപദവിയില്‍ നിയമിച്ചതു ശരിയല്ലെന്നും ആക്ഷേപമുണ്ട്. പല തവണ അച്ചടക്കനടപടി നേരിട്ട വ്യക്തിയാണു ടോമിന്‍ തച്ചങ്കരി. കീഴുദ്യോഗസ്ഥരില്‍നിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് 2016 ആഗസ്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുക്കണമെന്ന ആവശ്യവും ജോസ് തോമസ് ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it