wayanad local

ഡ്രൈവര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി; കെഎസ്ആര്‍ടിസി സര്‍വീസ് താളംതെറ്റി

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ നിന്നു ഡ്രൈവര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താളംതെറ്റുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ആവശ്യത്തിലധികം ഡ്രൈവര്‍മാരുള്ള തിരുവനന്തപുരത്തേക്ക് 56 പേരെയാണ് മാറ്റിയത്.
ജില്ലയില്‍ ശേഷിക്കുന്നവരെ കൊണ്ട് അമിതജോലി ചെയ്യിക്കുന്നതായും ആക്ഷപമുയര്‍ന്നു. ജില്ലയിലെ മൂന്നു കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നുള്ള ഡ്രൈവര്‍മാരെയാണ് സ്ഥലംമാറ്റിയത്.
16 പേരെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 15 പേരെ മാനന്തവാടിയില്‍ നിന്നുമാണ് മാറ്റിയത്. കല്‍പ്പറ്റയില്‍ നിന്ന് 25 പേരെ സ്ഥലംമാറ്റി. മലബാര്‍ മേഖലയില്‍ വരുമാനത്തില്‍ രണ്ടാംസ്ഥാനത്തുള്ള സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് എഴു സ്‌കാനിയ ഡ്രൈവര്‍മാരെയാണ് ഒറ്റയടിക്ക് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
ഇതിനു പുറമെ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടിയെടുത്തിരുന്ന ഒമ്പതുപേരെയും മാറ്റി. സ്‌കാനിയ ബസ് ഓടിക്കുന്നതിനു പരീശീലനം കഴിഞ്ഞ 80 പേരുള്ള തിരുവനന്തപുരത്തെ ഡിപ്പോയിലേക്കാണ് സുല്‍ത്താന്‍ ബത്തേരിയിലെ ഏഴുപേരെ മാറ്റിയിരിക്കുന്നത്. സ്ഥാലംമാറ്റിയവര്‍ക്ക് പകരം ഡ്രൈവര്‍മാരെ നിയമിക്കാത്തതും സര്‍വീസുകളെ സാരമായി ബാധിക്കുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ പോവാന്‍ ഡ്രൈവര്‍മാരില്ല.
ഇതിനു പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ചില ട്രേഡ് യൂനിനുകള്‍.
Next Story

RELATED STORIES

Share it