Flash News

'ഡോ. ഹാദിയ: സര്‍ക്കാര്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം'

ഡോ. ഹാദിയ: സര്‍ക്കാര്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം
X


തിരുവനന്തപുരം: സ്വന്തം താല്‍പര്യപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച ഹാദിയയെ കോടതി ഉത്തരവിന്റെ മറവില്‍ വീട്ടുതടങ്കലിലിട്ട് പിതാവ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും ഹാദിയയുടെ ജീവന്‍ കടുത്ത ഭീഷണി നേരിടുന്നുവെന്നും കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീതിയുക്തവും മനുഷ്യത്വപരവുമായ നിലപാട് സ്വീകരിക്കണമെന്നു കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംഘപരിവാര സംഘടനകളുടെ പിന്തുണയോടെ കള്ളക്കഥകളും വ്യാജ തെളിവുകളും സൃഷ്ടിച്ചു നീതിപീഠങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഹാദിയയുടെ പിതാവ് അശോകന്‍ നടത്തുന്ന നിരന്തര ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ചെമ്പരിക്ക ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുനരന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിനു നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, വി എം ഫത്തഹുദ്ദീന്‍ റഷാദി, എ ഹസന്‍ ബസരി മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി, എ അന്‍വര്‍ മൗലവി ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, പി എം അബ്ദുല്‍ ജലീല്‍ മൗലവി, എസ് മന്‍സൂറുദ്ദീന്‍ റഷാദി, പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി, ദാക്കിര്‍ ഹുസയ്ന്‍ അല്‍ കൗസരി, ഹാഫിസ് സുലൈമാന്‍ മൗലവി, ഹാഫിസ് റഫീഖ് അഹ്മദ് അല്‍ കാശിഫി, നിസാര്‍ മൗലവി അല്‍ഖാസിമി സംസാരിച്ചു.

[related]
Next Story

RELATED STORIES

Share it