Flash News

ഡോ. ഹാദിയ സമ്മര്‍ദത്തിലല്ലെന്ന് ഉറപ്പുവരുത്തും : വനിതാ കമ്മീഷന്‍



തിരുവനന്തപുരം: സുപ്രിംകോടതിയില്‍ നേരിട്ടു ഹാജരാവുന്നതു വരെ ഡോ. ഹാദിയയുടെ മേല്‍ യാതൊരു തര സമ്മര്‍ദവും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ഹാദിയയെ സുപ്രിംകോടതി നേരിട്ടു കേള്‍ക്കാന്‍ തീരുമാനിച്ചതു സ്വാഗതാര്‍ഹമാണ്. യുവതിയുടെ ശബ്ദം കോടതിയില്‍ എത്തിക്കാനാണു കമ്മീഷന്‍ ഈ കേസില്‍ കക്ഷി ചേര്‍ന്നത്. കോടതി നേരിട്ടോ, കമ്മീഷന്‍ മുഖേനയോ യുവതിക്കു പറയാനുള്ളതു കേള്‍ക്കണമെന്ന നിലപാടായിരുന്നു കമ്മീഷന്‍ സ്വീകരിച്ചതെന്നും എം സി ജോസഫൈന്‍ പ്രതികരിച്ചു. ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കുന്നതു വരെ അവരുടെ മേല്‍ പ്രത്യേകസ്വാധീനം പ്രയോഗിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. യുവതിക്കു മരുന്നു നല്‍കി മയക്കുന്നുവെന്നും ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നുവെന്നും  നിരവധി പേര്‍ ആശങ്ക പങ്കുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പോലിസ് മേധാവിയില്‍ നിന്നു കമ്മീഷന്‍ റിപോര്‍ട്ട് തേടിയിരുന്നു. ആ റിപോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും ജോസഫൈന്‍ പറഞ്ഞു. യുവതിക്കു പിതാവിന്റെ സംരക്ഷണം അവകാശ നിഷേധമാവുന്നുവെന്നാണു പരാതി. സംരക്ഷണത്തിന്റെ പേരിലുള്ള കവചങ്ങളല്ല, സ്വാതന്ത്ര്യമാണ് ലഭിക്കേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞു. ഹാദിയയുടെ സ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളില്‍ കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു. നിയമ സംവിധാനമെന്ന നിലയില്‍ കമ്മീഷന്‍ സ്വീകരിക്കുന്ന എല്ലാ നടപടികളും എല്ലാവരെയും അറിയിക്കാനാവില്ല.  കമ്മീഷന്റെ അന്വേഷണ വിഭാഗം മേധാവിയായ ഡയറക്ടര്‍, യുവതിയെ സന്ദര്‍ശിച്ച് യഥാസമയം റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണു കോടതിയുടെ അനുമതിയോടെ യുവതിയുടെ മൊഴി രേഖപ്പെടുത്തി സമര്‍പ്പിക്കാന്‍ കേസില്‍ കക്ഷിചേര്‍ന്നത്. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ ഉള്‍പ്പെടെ നിയമോപദേശം കമ്മീഷന് ലഭിച്ചിരുന്നതായും അധ്യക്ഷ വ്യക്തമാക്കി.
Next Story

RELATED STORIES

Share it