Flash News

ഡോ. ഹാദിയ കേസ് : മനുഷ്യാവകാശ കമ്മീഷനു റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് എസ്പി



കോട്ടയം: ഡോ. ഹാദിയ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരം റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായി കോട്ടയം ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ്. എന്നാല്‍, കമ്മീഷന്റെ സിറ്റിങ് സമയത്ത് റിപോര്‍ട്ട് ലഭിക്കാതിരുന്നതാണ് കോലാഹലങ്ങള്‍ക്കു കാരണം. ഇടക്കാല റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്. അത് അപൂര്‍ണമായിരുന്നു. ഡിവൈഎസ്പിയോടാണ് താന്‍ റിപോര്‍ട്ട്് ആവശ്യപ്പെട്ടത്. എന്നാല്‍, സിഐ ആണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. അതുകൊണ്ട് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്ലാതെ റിപോര്‍ട്ട് മടക്കിയിട്ടില്ല. അടുത്ത സിറ്റിങ്ങിന് മുമ്പായി പൂര്‍ണമായ റിപോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു എസ്പി. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഹാദിയയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് മുനവ്വറലി ശിഹാബ് തങ്ങളാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. അതേസമയം, ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ജില്ലാ പോലിസ് മേധാവിക്ക് സിഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കും സുരക്ഷയൊരുക്കണമെന്ന കോടതി ഉത്തരവ് അനുസരിച്ചാണ് സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് സിഐ ആണ് അന്വേഷണം നടത്തി റിപോര്‍ട്ട് തയ്യാറാക്കിയത്. ഇപ്പോള്‍ കൊടുത്ത റിപോര്‍ട്ടിനെക്കാള്‍ കൂടുതലൊന്നും പോലിസിന് പറയാനില്ല. എന്നാല്‍, മനുഷ്യാവകാശ കമ്മീഷന് യഥാസമയം റിപോര്‍ട്ട് എത്തിക്കാതിരുന്നത് ക്ലാര്‍ക്കിന്റെ വീഴ്ചയാണ്. നേരിട്ട് ഹാജരാവാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ പ്രശ്‌നമൊന്നുമുണ്ടാവില്ലായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പോലിസിന് പറയാനാവില്ല. പെണ്‍കുട്ടിയെ അവിടെനിന്ന് വിടുന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടത്.  പ്രശ്‌നം  24ന് കോട്ടയത്തു നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it